കൊല്ലം: പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. മരുന്നുകളോട് ശരിയായ രീതിയിൽ പ്രതികരിക്കുന്നില്ല. ആരോഗ്യവകുപ്പിന്റെ ഗൈഡ് ലൈൻ അനുസരിച്ചുള്ള ചികിത്സാരീതിയാണ് തുടരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ജീവൻ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ് എ ടി ആശുപത്രി അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഏപ്രിൽ എട്ടിനാണ് വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഇടതു കൈമുട്ടിന് താഴെ മുറിവേറ്റു. ഉടൻ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഐഡിആർവി വാക്സിൻ നൽകി. അന്നുതന്നെ പുനലൂർ താലൂക്കാശുപത്രിയിൽനിന്ന് ഇമ്യൂണോഗ്ലോബിൻ വാക്സിനും നൽകി.
മൂന്നുതവണ വാക്‌സിൻ എടുത്തു. നാലാം വാക്‌സിൻ എടുക്കുംമുമ്പ് കുട്ടിക്ക് കടുത്ത വിറയലോടു കൂടിയ പനിയും ശരീരവേദനയും അനുഭവപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽനിന്നാണ് എസ്‌എടിയിൽ എത്തിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയും തുടങ്ങി. വിഷയം അറിഞ്ഞയുടൻ പഞ്ചായത്ത് പ്രസിഡന്റ് റെജിന തോമസും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ എൽ കെ ശ്രീജിത്തും കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയോടൊപ്പം ഇടപഴകിയവർക്ക് പ്രതിരോധ വാക്‌സിൻ നൽകി. മെഡിക്കൽ സംഘവും പരിശോധന നടത്തി.