കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറിക്ക് കാരണം യുപിഎസിന്റെ ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്. ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത്പൊങ്ങി. ഇത് വേഗം പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 34 ബാറ്ററികൾ നശിച്ചുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും ആണ് പരിശോധന നടത്തുന്നത്. ഇന്നും പരിശോധന തുടരുമെന്നും ജീവനക്കാരുടെ മൊഴി എടുക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ. മറ്റ് റെക്കോർഡുകളും ഇന്ന് പരിശോധിക്കും.
അത്യാഹിതവിഭാഗം ഇനി പൂർവസ്ഥിതിയിൽ പ്രവർത്തിക്കണമെങ്കിൽ ദിവസങ്ങളെടുക്കും. മറ്റുനിലകൾ അടുത്ത പ്രവൃത്തിദിവസംതന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചുതുടങ്ങും. പൊട്ടിത്തെറിയുണ്ടായ യുപിഎസ് ഘടിപ്പിച്ച എംആർഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാൻവേണ്ട മുൻകരുതലെടുക്കും. ബയോമെഡിക്കൽ ഉപകരണമായതിനാൽ എംആർഐയുടെ അറ്റകുറ്റപ്പണി നടത്താൻ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.
കെട്ടിടത്തിന് വലിയ കേടൊന്നുമില്ല. എംആർഐയുടെ യുപിഎസ് മുറിയുടെ മുകൾഭാഗത്തെ അലൂമിനിയം സീലിങ്ങിന്റെ കുറച്ചുഭാഗം പൊട്ടിയിട്ടുണ്ട്. ചുമരിലും ചെറുതായി കേടുപാടുണ്ട്. ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. 34 ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. ഇതിൽ ഒരെണ്ണത്തിന് രാവിലെ പരിശോധനയ്ക്കിടയിലും ചാർജുണ്ടായിരുന്നതായി ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ കെ.പി. ജ്യോതിഷ് പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകയുയരാൻ കാരണമെന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് അധികൃതർ വ്യക്തമാക്കി. ബാറ്ററി ടെർമിനലും പൊട്ടിയതായി പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.