Kerala

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ‘പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ല’; എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി

തൃശൂർ: പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ മൊഴി നൽകി.

രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയ. പരിഹരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന നിർദേശവും നൽകി. എന്നാൽ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്സണൽ നമ്പരിൽ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്. ഡി.ജി.പിയുടെ സംഘം അടുത്ത ആഴ്ച എം.ആർ. അജിത്കുമാറിൻറെ മൊഴിയെടുക്കും.

അതേസമയം, തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന് നടക്കും. ചമയപ്രദർശനത്തിൻ്റെ ഉദ്ഘാടനം മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു സുരേഷ് ഗോപി എന്നിവർ ചേർന്ന് നിർവഹിക്കും. വൈകുന്നേരം 7 മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക.