തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനങ്ങൾക്കും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തുക. വെടിക്കെട്ടിന് തിരുവമ്പാടിക്ക് മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിന് ബിനോയ് ജേക്കബുമാണ് ലൈസൻസി. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് അനുവദിച്ച സ്ഥലങ്ങളിൽനിന്ന് മാത്രമാണ് വെടിക്കെട്ട് കാണാൻ അനുമതിയുള്ളത്. ഏഴിന് പുലർച്ചെ മൂന്നിനാണ് മുഖ്യ വെടിക്കെട്ട്. പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും
രാവിലെയാണ് ചമയപ്രദർശനങ്ങളുടെ ഉദ്ഘാടനം. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. ചൊവ്വാഴ്ചയാണ് പൂരം. തിരുവമ്പാടിയാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക. തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും. ഞായറാഴ്ച 3.30 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് നഗരത്തിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനാനുമതിയുണ്ടാകൂ. ബസുകൾക്കും നിയന്ത്രണമുണ്ട്.
തൃശൂർ പൂരം പ്രൗഢിയോടെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ. സുരക്ഷയ്‌ക്കായി വനിതാ പൊലീസുൾപ്പെടെ 4000 സേനാംഗങ്ങളുണ്ടാവും. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ദുരന്ത നിവാരണസേനയും അഗ്‌നി രക്ഷാസേനയും ഉണ്ടാകും. ആനകളെ നാട്ടാന പരിപാലന സംഘവും വെറ്ററിനറി സർജൻമാരും പരിശോധിക്കും.