Kerala

പത്മശ്രീ കെ വി റാബിയ അന്തരിച്ചു

പ്രശസ്ത സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ(59) അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. രണ്ടരപതിറ്റാണ്ടിലേറെയായി കാൻസർ രോഗവുമായി പോരാടുകയായിരുന്ന റാബിയ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കരളിലേക്ക് കാൻസർ വ്യാപിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു റാബിയ. കെവി റാബിയ പത്മശ്രീ പുരസ്ക്കാരം കിട്ടിയിട്ടുണ്ട്. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡ് നേടി. “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്”എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്.

റാബിയ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തിരുരങ്ങാടി പിഎസ്എംഒ കോളേജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. പഠനം അവിടെ വച്ച് നിർത്തുകയും ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ കഴിയുകയുമായിരുന്നു. അവിടെ നിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ തുടങ്ങിയത്.

പുസ്‌തകത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിക്കുന്നത്. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇൻറർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്നം അവാർഡ് തുടങ്ങി ഇരുപതോ ളം അവാർഡും നേടിയിട്ടുണ്ട്.