India

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കരുത്; മുന്നറിയിപ്പ് നൽകി എം കെ സ്റ്റാലിൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്ധവിശ്വാസം പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ചിന്താശേഷി പ്രോത്സാഹിപ്പിക്കണമെന്നും മറിച്ച് മിത്തുകളും അശാസ്ത്രീയമായ കാര്യങ്ങളും പ്രോത്സാഹിപ്പിക്കരുതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. കൂടാതെ അന്ധവിശ്വാസം പ്രചരിപ്പിച്ചാൽ കടുത്ത നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കാര്യങ്ങളിലും ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്താനും, സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സ്ഥാപനങ്ങളോട് സ്റ്റാലിൻ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ ഒരു പദ്ധതി ഉണ്ടാക്കാൻ സ്റ്റാലിൻ യൂണിവേഴ്സിറ്റി അധികൃതർക്ക് നിർദേശം നൽകി.

എന്തെങ്കിലും തരത്തിൽ വീട്ടുവീഴ്ച ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് പറഞ്ഞുകൊണ്ടാണ് അന്ധവിശ്വാസങ്ങൾക്കെതിരെ നിലകൊള്ളാൻ സ്റ്റാലിൻ ആവശ്യപ്പെട്ടത്.

തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളിൽ നിന്ന് യുവാക്കൾ മാറി നിൽക്കണം. സോഷ്യൽ മീഡിയയിലെ ആളുകളെയല്ല നിങ്ങൾ റോൾ മോഡലുകൾ ആക്കേണ്ടത്. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്‌നോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ മുന്നേറുകയാണ്. നമ്മുടെ യുവതലമുറയെ ആഗോളതലത്തിൽ ഏത് വെല്ലുവിളികളെയും ഏറ്റെടുക്കാൻ പ്രാപ്തരായിരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.