നല്ല കിടിലൻ രുചിയിൽ പിടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി (നേരിയ തരിപ്പരുവത്തിൽ) ഒരു കിലോ
- തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
- വെളുത്തുള്ളി നാല് അല്ലി
- ജീരകം ഒരു ചെറിയ ടീസ്‌പൂൺ
തയാറാക്കുന്ന വിധം
ആവശ്യത്തിന് അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. അധികം ചുവന്ന നിറം ആകുന്നതിനു മുൻപ് വാങ്ങിവയ്ക്കണം. ഇതിലേക്ക് ചേർക്കാൻ ആവശ്യമായ വെള്ളം തിളപ്പിച്ചെടുക്കുക. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കണം. അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. 10 മിനിറ്റെങ്കിലും കുഴക്കണം. തുടർന്ന്, ചൂടോടു കൂടി ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.
ഇതിനു ശേഷം നേരത്തെ തിളപ്പിച്ചെടുത്ത വെള്ളത്തിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പിടികൾ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്‌ക്കുക.