കിടിലൻ സ്വാദിൽ നല്ല വറുത്തരച്ച കോഴിക്കറി വെച്ചാലോ? അപ്പത്തിനും ചോറിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാവുന്ന ഒരു കിടിലൻ കറി.
ആവശ്യമായ ചേരുവകൾ
- കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- മല്ലിപ്പൊടി
- കുരുമുളകുപൊടി
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി- എട്ട് അല്ലി
- കറുവാപ്പട്ട- ഒരു കഷണം
- ഗ്രാമ്പൂ- നാലെണ്ണം
- ഏലയ്ക്കാ- നാലെണ്ണം
- സവാള- രണ്ട്
- കറിവേപ്പില- ആവശ്യത്തിന്
- വറ്റൽമുളക്- രണ്ട് എണ്ണം
- തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്
- തേങ്ങാക്കൊത്ത്- കുറച്ച്
- ചിക്കൻ മസാല- ഒരു ടേബിൾ സ്പൂൺ
- ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി വൃത്തിയാക്കിയെടുത്ത കോഴികഷണങ്ങളിലേക്ക് അൽപം മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇതിനു ശേഷം ഒരു പാനിൽ പെരുംജീരകം, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക് എന്നിവ വഴറ്റുക. അല്പ സമയത്തിനു ശേഷം ഇതിലേക്ക് തേങ്ങ ചിരവിയത് ചേർക്കുക. ഇതൊന്ന് ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കാം. ഇത് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക.
മറ്റൊരു പാൻ അടുപ്പിലേക്ക് വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ചിക്കൻമസാലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് നേരത്തെ മസാല ചേർത്ത് മാറ്റിവച്ച ചിക്കൻ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കൻ വെന്ത് തുടങ്ങിയാൽ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാൽ വറുത്തു വച്ച തേങ്ങാക്കൊത്ത് മുകളിൽ വിതറാം.