Sports

ഗുജറാത്ത് ടൈറ്റൻസ് താരം ക​ഗിസോ റബാഡ നാട്ടിലേക്ക് മടങ്ങിയത് ലഹരി ഉപയോ​ഗത്തെ തുടർന്നോ? IPL 2025

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് വെളിപ്പെടുത്തൽ

ഐപിഎല്ലിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് ​ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ക​ഗിസോ റബാഡ നാട്ടിലേക്ക് മടങ്ങിപ്പോയത് ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊടുന്നനെ താരം മടങ്ങിയതെന്നായിരുന്നു ആ സമയത്ത് പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് റബാഡ.

നിരോധിത മരുന്ന് ഉപയോ​ഗിച്ചതിനു തനിക്കു താത്കാലിക വിലക്കു വന്നതിനാലാണ് പെട്ടെന്നു തന്നെ നാട്ടിലേക്ക് മടങ്ങിയതെന്നു റബാഡ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വിലക്കിനെക്കുറിച്ചുള്ള റബാഡയുടെ വെളിപ്പെടുത്തൽ.

\ഫെബ്രുവരിയിൽ അരങ്ങേറിയ എസ്എ 20 ലീ​ഗിനിടെ നടത്തിയ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്. ഏത് മരുന്നാണ് ഉപയോ​ഗിച്ചത് എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മെ​ഗാ ലേലത്തിൽ 10.75 കോടി മുടക്കിയാണ് ​ഗുജറാത്ത് താരത്തെ ടീമിലെത്തിച്ചത്.

ജൂണിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. ഈ പോരാട്ടത്തിലെ താരത്തിന്റെ പങ്കാളിത്തവും ഉറപ്പില്ല. ലോർഡ്സിലാണ് ഫൈനൽ പോരാട്ടം.

content highlight: IPL 2025