ജമ്മുകശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. റംബാൻ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടം നടന്നത്.
ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാഹനത്തിൽ സഞ്ചരിച്ചിരുന്ന മൂന്ന് സൈനികർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.