Business

ടെക് ഭീമന്മാരുടെ കഴിഞ്ഞ മൂന്ന് മാസത്തെ വരുമാനം; കണക്കുകൾ ഇങ്ങനെ | Tech world

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 90.2 ബില്യണ്‍ ഡോളര്‍ വരുമാനം നേടി

2025 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വന്‍ ലാഭം നേടി ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, മെറ്റ. ഉയര്‍ന്ന ചെലവുകളും സാമ്പത്തിക മാന്ദ്യവും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, പണമടച്ചുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയ്ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(AI)ന്റെ കടന്നുവരവുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് 70.1 ബില്യണ്‍ ഡോളര്‍ (ഏകദേശം 592,625.4 കോടി രൂപ) ഇക്കാലയളവില്‍ വരുമാനം നേടി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ്. അതിന്റെ ലാഭം അഥവാ അറ്റാദായം 25.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 19 ശതമാനമാണ് വര്‍ധന. ഈ വളര്‍ച്ചയുടെ വലിയൊരു ഭാഗം മൈക്രോസോഫ്റ്റ് അസുറില്‍ നിന്നാണ്. അതിന്റെ ക്ലൗഡ് സര്‍വീസ് 35 ശതമാനം കുതിച്ചുയര്‍ന്നു. കോപൈലറ്റ് പോലുള്ള AI ഉപകരണങ്ങളില്‍ നിന്നും ഓപ്പണ്‍ എഐയുമായുള്ള പ്രവര്‍ത്തനത്തില്‍ നിന്നും കമ്പനിക്ക് നേട്ടമുണ്ടായി. മൈക്രോസോഫ്റ്റ് ഓഹരി ഉടമകള്‍ക്ക് 9.7 ബില്യണ്‍ ഡോളര്‍ ലാഭവിഹിതമായും ഓഹരി തിരിച്ചുവാങ്ങലായിയും തിരികെ നല്‍കി.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 90.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 762,750.8 കോടി രൂപ) വരുമാനം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ലാഭം 46 ശതമാനം കുത്തനെ വര്‍ദ്ധിച്ച് 34.5 ബില്യണ്‍ ഡോളറിലെത്തി. ഗൂഗിള്‍ ക്ലൗഡ് 28 ശതമാനം വളര്‍ച്ച നേടി 12.3 ബില്യണ്‍ ഡോളറിലെത്തി. യൂട്യൂബ് പരസ്യങ്ങള്‍ 8.9 ബില്യണ്‍ ഡോളര്‍ നേടി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ഗൂഗിള്‍ അതിന്റെ ലാഭവിഹിതം 5 ശതമാനം ഉയര്‍ത്തി.

ആപ്പിളിന്റെ വരുമാനം 95.4 ബില്യണ്‍ ഡോളറി(ഏകദേശം 805,853.8 കോടി രൂപ)ലെത്തി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5 ശതമാനം വര്‍ധന നേടി. കമ്പനിയുടെ അറ്റാദായം 5 ശതമാനം ഉയര്‍ന്ന് 24.8 ബില്യണ്‍ ഡോളറിലെത്തി. ഐക്ലൗഡും ആപ്പ് സ്റ്റോറും ഉള്‍പ്പെടുന്ന ആപ്പിളിന്റെ സേവന ബിസിനസാണ് ഏറ്റവും വലിയ സംഭാവന നല്‍കിയത്. ഇതില്‍ നിന്ന് മാത്രം 26.6 ബില്യണ്‍ ഡോളര്‍ നേടി 12 ശതമാനം വര്‍ധനവിലെത്തി. ആപ്പിള്‍ 100 ബില്യണ്‍ ഡോളറിന്റെ വന്‍ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിയും പ്രഖ്യാപിച്ചു.

അഞ്ച് കമ്പനികളിലും ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ആമസോണാണ്, 155.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,315,257.9 കോടി രൂപ) ആണ് ആമസോണിന്റെ ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം വളര്‍ച്ച കരസ്ഥമാക്കി. ലാഭം 64 ശതമാനം ഉയര്‍ന്ന് 17.1 ബില്യണ്‍ ഡോളറിലെത്തി. 29.3 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയ ക്ലൗഡ് പ്ലാറ്റ്ഫോമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) നിന്നാണ് കൂടുതല്‍ നേട്ടം ഉണ്ടായത്. പരസ്യത്തില്‍ നിന്നും 13.9 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. എന്നാല്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിച്ചതിനാല്‍, ആമസോണിന്റെ ഫ്രീ ക്യാഷ് ഫ്‌ലോ 25.9 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിന്റെയുമൊക്കെ പാരന്റ് കമ്പനിയായ മെറ്റയുടെ വരുമാനം 16 ശതമാനം വര്‍ധിച്ച് 42.3 ബില്യണ്‍ ഡോളറില്‍ (ഏകദേശം 357,308.1 കോടി രൂപ) എത്തി. ലാഭം 35 ശതമാനം വര്‍ധിച്ച് 16.6 ബില്യണ്‍ ഡോളറിലെത്തി. പരസ്യം തന്നെയാണ് മെറ്റയുടെ പ്രധാന വരുമാന മാര്‍ഗം. പരസ്യ വിലയിലെ വര്‍ധനവ് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സഹായിച്ചു. ഇപ്പോള്‍ പ്രതിമാസം ഏകദേശം 1 ബില്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ AI അസിസ്റ്റന്റ് മറ്റൊരു പ്രധാന വരുമാനമാര്‍ഗമാണ്. എന്നാല്‍ പരസ്യരഹിത പണമടച്ചുള്ള സബ്സ്‌ക്രിപ്ഷനുകളെ ബാധിക്കുന്ന പുതിയ നിയമങ്ങള്‍ കാരണം മെറ്റ യൂറോപ്പില്‍ വെല്ലുവിളികള്‍ നേരിടാമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.

content highlight: Tech world