Kerala

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ല: ആന്റോ ആന്റണി

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആന്റോ ആന്റണി എംപി. അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും തീരുമാനങ്ങളെല്ലാം ഹൈക്കമാൻഡ് ആണ് എടുക്കേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു.

ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. ഇതിലൊക്കെ അന്തിമമായ തീരുമാനമെടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡിൽ നിന്നുള്ള ഒരറിയിപ്പും തനിക്ക് ഇതുസംബന്ധിച്ച് കിട്ടിയിട്ടില്ല. അത് കിട്ടട്ടെ. നിലവിൽ ഇതുസംബന്ധിച്ച് താൻ 100 ശതമാനം അജ്ഞനാണ്. പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണെന്ന് ആന്റോ ആന്റണി കൂട്ടിച്ചേർത്തു.

അധ്യക്ഷനെ മാറ്റാൻ ഹൈക്കമാൻഡ് തത്വത്തിൽ തീരുമാനിച്ചെന്നും പുതുതായി പരി​ഗണിക്കുന്നവരിൽ ഒരാൾ ആന്റോ ആന്റണി ആണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.