ടൈപ്പ് വണ്‍ പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്‍കുന്നതിന് ആരംഭിച്ച സമഗ്ര സാമൂഹികാധിഷ്ഠിത ചികിത്സാ സഹായമായ “മിഠായി പദ്ധതി ‘ഇതുവരെ പ്രയോജനപ്പെട്ടത് 1,908 കുട്ടികള്‍ക്ക്. സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യം , ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങള്‍, പരിരക്ഷ എന്നിവ മിഠായി പദ്ധതിയിലൂടെ ലഭിക്കും.
കുട്ടികള്‍ക്ക് കൗണ്‍സലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുമടക്കം ആറുഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഒരു ബൃഹത് പദ്ധതികൂടിയാണിത്. ടൈപ്പ് 1 പ്രമേഹം ബാധിച്ച 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് സേവനം ലഭിക്കുന്നത്. പ്രത്യേക സോഫ്ട് വെയര്‍ (www.mittayi.org) വഴിയാണ് രജിസ്ട്രേഷനും തുടര്‍ നടപടികളും സ്വീകരിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം , തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മിഠായി മെയിന്‍ ക്ലിനിക്കുകളും, മറ്റു ഒമ്പതു ജില്ലകളില്‍ മിഠായി സാറ്റലൈറ്റ് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വേദനയില്ലാത്തതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്. മിഠായി പദ്ധതിയിലൂടെ ആറു ലക്ഷം രൂപ വീതം വിലവരുന്ന ഇന്‍സുലിന്‍ പമ്പ് 12 പേര്‍ക്ക് നല്കി. അതിന്റെ ഉപഭോക്താക്കള്‍ക്കായി മാത്രം പ്രതിമാസം 23,033 രൂപയുടെ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്.