ഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം പ്രധാന നടപടികൾ കൈക്കൊണ്ട് ഇന്ത്യ. പാക് ഗായകരുടെയും സിനിമാതാരങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. പാകിസ്ഥാനി നടി മൗറ ഹോക്കേൻ നടൻ ഫവാദ് ഖാൻ, ഗായകരായ ആബിദ പർവീൺ, ആതിഫ് അസ്ലം എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ഇന്ത്യയിൽ പൂട്ടിയത്. മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും “പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനും” 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു. നിരോധിത ചാനലുകളുടെ പട്ടികയിൽ സമ ടിവി, ആരി ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് എന്നിവ ഉൾപ്പെടുന്നു.
ഗായകരുടെയും സിനിമാ താരങ്ങളുടെയും അക്കൗണ്ടുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നേരത്തെ വിലക്കിയിരുന്നു. ബാബർ അസം, ഷഹീൻ ഷാ അഫ്രിദി, മുഹമ്മദ് റിസ്വാൻ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് വിലക്കിയത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്കും നേരത്തെ തന്നെ ഇന്ത്യ വിലക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെയും ബിലാവൽ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം, പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിർത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് തുടങ്ങിയ പ്രശസ്തരുടെ ഗാനങ്ങൾ പാകിസ്ഥാൻ ശ്രോതാക്കളിൽ ഇപ്പോഴും ജനപ്രിയമാണ്. പ്രാദേശിക എഫ്എം റേഡിയോ സ്റ്റേഷനുകളിൽ മിക്ക ദിവസവും ഇന്ത്യൻ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. നിലവിലെ ഉഭയകക്ഷി ബന്ധങ്ങൾ കണക്കിലെടുത്ത് എല്ലാ എഫ്എം സ്റ്റേഷനുകളിലും ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്താൻ സർക്കാർ അസോസിയേഷനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാർത്താവിനിമയ മന്ത്രി ആട്ട തരാറും അറിയിച്ചിരുന്നു.