Business

പഹൽ​ഗാം; സ്വർണ്ണത്തേക്കാൾ വേ​ഗത്തിൽ കുതിച്ചുയർന്ന് കുങ്കുമപൂവ്

പഹൽ​ഗാം സംഭവത്തിന് ശേഷം അട്ടാരി വാ​ഗ അതിർത്തി അടച്ചത് കുങ്കുമപൂവ് വിപണിയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. നിലവിൽ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 5 ലക്ഷം രൂപ കടന്നെന്നാണ് റിപ്പോർട്ട്. പഹൽഗാം ആക്രമണത്തിന് ശേഷം നാല് ദിവസത്തിനുള്ളിൽ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വർദ്ധിച്ചത്. 50 ഗ്രാം സ്വർണ്ണത്തിന് തുല്യമായ വിലയിലാണ് ഇപ്പോൾ കുങ്കുമപ്പൂവിന്റെ വ്യാപാരം. അട്ടാരി-വാഗ അതിർത്തി അടയ്ക്കുന്നതിനും മുമ്പ് കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതൽ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്നു.
കശ്മീരിൽ പ്രതിവർഷം ആറ് മുതൽ ഏഴ് ടൺ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് അഫ്ഗാൻ കുങ്കുമപ്പൂവിന്റെ കയറ്റുമതി സ്തംഭിച്ചിരിക്കുകയാണ്. വ്യാപാരികളും മൊത്തക്കച്ചവടക്കാരും കടുത്ത വിതരണ സമ്മർദ്ദം നേരിടുന്നുണ്ട്. ഇന്ത്യ പ്രതിവർഷം 55 ടൺ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഒരു ഭാഗം കശ്മീരിൽ നിന്നാണ് വരുന്നതെങ്കിലും വലിയൊരു ഭാഗം ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

Tags: SAFFRON