പുരാതന ശില്പകല, ക്ഷേത്രവാസ്തുവിദ്യ, ചരിത്രപ്രാധാന്യമുള്ള നഗരങ്ങൾ തുടങ്ങിയവയുടെ അദ്വിതീയ സാക്ഷ്യമാണ് ഇന്ത്യയിലെ ലോക പൈതൃക സ്ഥലങ്ങൾ. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിലെ 42 സ്ഥലങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രവാസികളെ ആകർഷിക്കുകയും, ഭാവി തലമുറകൾക്കായി ഈ സ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് യുനെസ്കോയുടെ ലക്ഷ്യം. ചമ്പാനർ-പാവഗഢ് ആർക്കിയോളജിക്കൽ പാർക്ക്, ഗുജറാത്ത്, കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം, തെലങ്കാന, ഭീംബേട്കയിലെ ഗുഹകൾ, മധ്യപ്രദേശ് തുടങ്ങിയവ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച സഥലങ്ങളാണ്.
താജ്മഹലിനും ജയ്പൂരിലെ രാജകീയ നിർമിതികൾക്കും അപ്പുറം, വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ചില നിധികളുമുണ്ട് ഇക്കൂട്ടത്തിൽ. അധികമാരും അറിയാത്ത ഈ സ്ഥലങ്ങൾ, ചരിത്രപ്രാധാന്യമുള്ളവയും രൂപകൽപ്പനയിൽ അതിശയിപ്പിക്കുന്നതും വിനോദസഞ്ചാരികളുടെ തിരക്കിൽനിന്ന് മുക്തവുമാണ്.
ശാന്തമായ സൗന്ദര്യവും സമ്പന്നമായ കഥകളും ഇൻസ്റ്റാഗ്രാഗ്രാം കീഴടക്കാത്ത സ്ഥലങ്ങളും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇവ അനുയോജ്യമാണ്. ഒരിക്കലും മറക്കാത്ത മികച്ച അനുഭവങ്ങളാണ് തേടുന്നതെങ്കിൽ, ഈ പൈതൃക രത്നങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ചമ്പാനർ-പാവഗഢ് ആർക്കിയോളജിക്കൽ പാർക്ക്, ഗുജറാത്ത്
വഡോദരയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചമ്പാനർ-പാവഗഢ് എട്ട് മുതൽ 14 നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരിടമാണ്. ഇടതൂർന്ന വനങ്ങളാലും കുന്നിൻ മുകളിലെ ആരാധനാലയങ്ങളാലും ചുറ്റപ്പെട്ട ഈ സ്ഥലം, ഹിന്ദു-ഇസ്ലാമിക വാസ്തുവിദ്യാ ശൈലികളുടെ അപൂർവ സംഗമം പ്രദർശിപ്പിക്കുന്നു. മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ജുമാ മസ്ജിദ് മുതൽ കോട്ടകൾ വരെ ഇവിടെയുണ്ട്.
കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം, തെലങ്കാന
13-ാം നൂറ്റാണ്ടിലെ ഈ മണൽക്കല്ല് ക്ഷേത്രം 2021-ൽ മാത്രമാണ് യുനെസ്കോ പട്ടികയിൽ ഇടം നേടിയതെങ്കിലും, നൂറ്റാണ്ടുകളായി യുദ്ധങ്ങളെയും ഭൂകമ്പങ്ങളെയും അതിജീവിച്ച് ഇത് നിലകൊള്ളുന്നു. കാകതീയ രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ഈ ക്ഷേത്രം കൊത്തുപണികൾക്ക് പേരുകേട്ടതാണ്. വാറങ്കലിനടുത്തുള്ള വിജനമായ ഒരിടത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭീംബേട്കയിലെ ഗുഹകൾ, മധ്യപ്രദേശ്
ഗുഹാചിത്രങ്ങളാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ ഭീംബേട്ക നിങ്ങളെ അത്ഭുതപ്പെടുത്തും. ഏകദേശം 30,000 വർഷം പഴക്കമുള്ള ഈ ഗുഹകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യജീവിതത്തിന്റെ ആദ്യകാല സൂചനകൾ നൽകുന്നു. വിന്ധ്യൻ മലനിരകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പുരാതന കലാസൃഷ്ടികൾ മാത്രമല്ല നൽകുന്നത്. നമുക്കറിയാവുന്ന നാഗരികതയ്ക്ക് മുൻപുള്ള ദൈനംദിന ജീവിതം എങ്ങനെയായിരുന്നിരിക്കാം എന്നതിനെക്കുറിച്ചുള്ള യഥാർഥ അനുഭവവും പങ്കുവെയ്ക്കുന്നു.
റാണി-കീ-വാവ്, ഗുജറാത്ത്
നൂറ്റാണ്ടുകളോളം ഭൂമിക്കടിയിൽ മറഞ്ഞുകിടക്കുകയും 1980-കളിൽ മാത്രം കണ്ടെത്തുകയും ചെയ്ത ഏഴ് നിലകളുള്ള ഒരു വാസ്തുവിദ്യാ വിസ്മയമാണിത്. പാടാനിൽ സ്ഥിതിചെയ്യുന്ന റാണി-കി-വാവ് 11-ാം നൂറ്റാണ്ടിൽ ഉദയമതി രാജ്ഞി തന്റെ ഭർത്താവിന്റെ സ്മരണയ്ക്കായി നിർമിച്ചതാണ്. മണൽക്കല്ല് ഭിത്തികളിൽ സങ്കീർണ്ണമായി കൊത്തിയെടുത്ത 500-ലധികം ശിൽപങ്ങളാണുള്ളത്. മറ്റ് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന സ്മാരകങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇത് ഇപ്പോഴും താരതമ്യേന അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ്. ഇവിടേക്കുള്ളസന്ദർശനം, മറന്നുപോയ ഒരു ഇതിഹാസത്തിന്റെ താളുകൾ മറിക്കുന്നത് പോലെ അനുഭവപ്പെടുമെന്ന് തീർച്ച.
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, ഹിമാചൽ പ്രദേശ്
മണാലിക്ക് സമീപമുള്ള ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് 1,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, ഹിമാലയൻ തവിട്ടു കരടി, ഇന്ത്യൻ പൈക്ക, ഗ്രേറ്റർ ബ്ലൂ ഷീപ്പ് തുടങ്ങിയ അപൂർവ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഇവിടുത്തെ ട്രെക്കിങ്ങ് തികച്ചും സാഹസികമാണ്. ഭംഗിയായി ഒരുക്കിയ പാതകൾ ഇവിടെയില്ല. ആൽപൈൻ പുൽമേടുകളും ഹിമാനികൾ നിറഞ്ഞ നദികളും സമ്പൂർണ്ണ നിശബ്ദതയും മാത്രം.
പട്ടടക്കലിലെ സ്മാരകങ്ങൾ, കർണാടക
ഹംപിയുടെ പ്രഭാവത്തിൽ ഒതുങ്ങിപ്പോയെങ്കിലും, പട്ടടക്കൽ അതിൻ്റേതായ രീതിയിൽ ഒരു വാസ്തുവിദ്യാ രത്നമാണ്. ചാലൂക്യ രാജവംശത്തിന്റെ കാലത്ത് ഒരുമിച്ചുചേർന്ന ദ്രാവിഡ, നാഗര ശൈലികളുടെ സവിശേഷമായ മിശ്രിതം ഇവിടെ കാണാം. ഒന്നിനുപുറകെ ഒന്നായി ഒൻപത് ക്ഷേത്രങ്ങൾ നിരത്തിവെച്ചിരിക്കുന്ന ഒരു തുറന്ന മ്യൂസിയം പോലെയാണിത്. ഓരോന്നും മറ്റൊന്നിനേക്കാൾ വിശദാംശങ്ങൾ നിറഞ്ഞതാണ്. കൂടാതെ, നിങ്ങൾക്ക് ഈ സ്ഥലം മുഴുവൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കണ്ടുതീർക്കാം. ചരിത്രത്തിന്റെ അകമ്പടിയോടെയുള്ള ഒരു ദിവസത്തെ യാത്രയ്ക്ക് അനുയോജ്യമാണിവിടം.