Food

ചില്ലറക്കാരല്ല ഈ കുഞ്ഞൻ പഴങ്ങൾ, ഓർമ്മശക്തിക്കും മികച്ചത്; അറിയാം ബ്ലൂബെറിയുടെ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഫലമാണ് ബ്ലൂബെറി. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുള്ള പഴമാണ് ബ്ലൂബെറി. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. നാരുകളാല്‍ സമ്പന്നമായ ബ്ലൂബെറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്ലൂബെറി ദിവസവും ഒരുപിടി വീതം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. നാരുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്.

ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ഓര്‍മ്മ ശക്തി കൂട്ടുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. പതിവായി ബ്ലൂബെറി കൊടുക്കുന്നത് കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ആന്‍റി ഓക്‌സിഡന്‍റുകളുടെ ഒരു പവര്‍ഹൗസാണ് ബ്ലൂബെറി. ഇവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിച്ചേക്കാം. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ബ്ലൂബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.