ലോകത്തിലെ ഏറ്റവും കയ്പേറിയ രുചിയുള്ള വസ്തു ശാസ്ത്രജ്ഞർ കണ്ടെത്തി. മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. അമാരോപോസ്റ്റിയ സിപ്റ്റിക്ക എന്ന ഒരിനം കൂണാണ് സംഭവം.
ബ്രിട്ടണിൽ സുലഭമായ ഈ കൂണിന് വിഷമോ ഒന്നും തന്നെയില്ല. മാത്രമല്ല മരത്തിലാണ് ഇവ വളരുന്നത്. ബിറ്റർ ബ്രാക്കറ്റ് ഫംഗസ് എന്നറിയപ്പെടുന്ന കൂണാണ് ലോകത്തിലെ ഏറ്റവും കയ്പ്പേറിയ വസ്തുവെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്തു. ഈ വസ്തുവിൽ നിന്ന് ഗവേഷകർ മൂന്ന് പദാർത്ഥങ്ങൾ വേർതിരിച്ചെടുക്കുകയും അവ മനുഷ്യ ശരീരത്തിൽ എങ്ങനെയാണ് മാറ്റമുണ്ടാക്കുക എന്നും അവർ പഠിച്ചു. ഏഷ്യ, നോർത്ത് അമേരിക്ക എന്നീ വൻകരകളിലും ബിറ്റർ ബ്രാക്കറ്റ് ഫംഗസ് ഉണ്ട്.
ഇതിന് നമ്മൾ വിചാരിക്കുന്ന കയ്പ്പൊന്നുമല്ല, അതിനും എത്രയോ ഇരട്ടിയാണ്. ഇത്രയും കയ്പ്പിന് കാരണം ഇതിലെ ഒലിഗോപൊറിൻ ഡി എന്ന സംയുക്തമാണ്. ഒരു ഗ്രാം ഒലിഗോപൊറിൻ 16000 ലിറ്റർ വെള്ളത്തിൽ കലർത്തുകയാണെങ്കിൽ അതായത് 106 ബാത്ത്ടബ്ബുകളിൽ കൊള്ളുന്നത്ര വെള്ളം, അപ്പോഴും മനുഷ്യർക്ക് അതിന്റെ കയ്പ് തിരിച്ചറിയാനാകുമത്രെ. ജേണൽ ഓഫ് അഗ്രിക്കൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം വന്നത്.