Kerala

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു | migrant worker killed friend in attappadi

ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്.

പാലക്കാട് അട്ടപ്പാടി കണ്ടിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ നൂറുള്‍ ഇസ്ലാമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഫാം സ്ഥിതി ചെയ്യുന്നത്. നൂറുളിനേയും ഭാര്യയേയും സംഭവത്തിന് ശേഷം കാണാനില്ലെന്നാണ് വിവരം. അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടേയും ഭാര്യയുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും വനത്തിലൂടെ രക്ഷപ്പെട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. രവിയുടെ മൃതദേഹം അഗളിയിലെ ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHTS : migrant worker killed friend in attappadi