തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. മൂന്നു തവണ പ്രതിരോധ വാക്സിനെടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയിൽ ആവുകയായിരുന്നു.
ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. നേരത്തെ പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.