ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടൻ പാടുന്നത്. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. മേളയുടെ സമാപനദിവസമായ തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് വേടൻറെ റാപ്പ്. വേടൻ കേസിൽ ഉൾപ്പെട്ടശേഷം ആദ്യമായി നടത്തുന്ന സ്റ്റേജ് പ്രോഗ്രാം ആണിത്.
സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേദി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കുന്നത്.