ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി കശ്മീരിൽ 14-ാം ദിവസവും തിരച്ചിൽ തുടരുന്നു. അനന്ത്നാഗ് മേഖലയിൽ ആണ് സൈന്യം തെരച്ചിൽ നടത്തുന്നത്. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുകയാണ്. കൂടുതൽ ദൃക്സാക്ഷികളുടെ അടക്കം മൊഴി എൻ ഐ എ രേഖപ്പെടുത്തും. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് തക്ക മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു.
പ്രതിരോധ മന്ത്രി എന്ന നിലയിൽ ഇത് തന്റെ ഉത്തരവാദിത്തമാണെന്നും സൈനികർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഭീകരാക്രമണവും തുടർന്നുള്ള പശ്ചാത്തലവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. പാക്കിസ്താന് എതിരെ കൂടുതൽ നടപടികളിലേക്കും ഇന്ത്യ കടന്നേക്കും. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്ഥാനിൽ ഇന്ന് പാർലമെന്റ് സമ്മേളനം ചേരും. വൈകിട്ട് 5 മണിക്കാണ് സമ്മേളനം.
പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യൻ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. അതേസമയം നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാക്ദർ വ്യക്തമാക്കി.