ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. സ്ഥിതി പരിശോധിക്കാൻ അൻപതിലധികം എഞ്ചിനീയർമാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്. നദികളിലെ ജലം ഇന്ത്യയിൽ തന്നെ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തിയാണ് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറച്ചത്. കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്‌ത്തി നദിയിലെയും ഒഴുക്ക് നിയന്ത്രിക്കാന്‍ നീക്കമുണ്ട്. സിയാൽകോട്ടിന് സമീപം നദിയിൽ ജലനിരപ്പ് താഴ്‌ന്നതായും ഇന്ത്യ വെള്ളം പിടിച്ചുവയ്‌ക്കുന്നതായും പാകിസ്ഥാൻ ആരോപിച്ചു.
പാക് അധീന കശ്‌മീരിലെ കാർഷിക മേഖല പ്രധാനമായും ചെനാബ്, ഝലം നദികളിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഝലം നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് പാകിസ്ഥാനിൽ നാശനഷ്‌ടങ്ങളുണ്ടാക്കി. യുദ്ധ ഘട്ടങ്ങളിൽപോലും റദ്ദാക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ,- പാകിസ്ഥാനെതിരായ നടപടി തുടങ്ങിയത്.