Kerala

ആശാ പ്രവർത്തകരുടെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം | ASHA workers’ day-night protest journey begins today

തിരുവനന്തപുരം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം. രാപകൽ സമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 10ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഡോ.ആസാദ് നിർവഹിക്കും. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആണ് ജാഥാ ക്യാപ്റ്റൻ. കാസർകോട് ജില്ല സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 45 ദിവസം നീണ്ടുനിൽക്കുന്ന യാത്ര എല്ലാ ജില്ലകളിലൂടെയും കടന്ന് തിരുവനന്തപുരത്ത് സമാപിക്കും. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആശാവർക്കേഴ്സ് തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ 85 ആം ദിവസമാണ് രാപകൽ സമര യാത്ര ആരംഭിക്കുന്നത്. ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ആവശ്യങ്ങൾ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ വർക്കേഴ്സ്. സമര യാത്രയ്ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരവും തുടരും. സമര യാത്രയുടെ പശ്ചാത്തലത്തിൽ നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.