Kerala

അവസാനമായി ഒരുനോക്ക് കാണാനാവാതെ ഉറ്റവര്‍, നിയയുടെ മൃതദേഹം ഖബറടക്കി, സംസ്കാര ചടങ്ങുകൾ പ്രോട്ടോക്കോൾ പ്രകാരം

കൊല്ലം പേവിഷബാധയേറ്റ് മരിച്ച കൊല്ലത്തെ നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. കൂടുതൽ പേർക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്. പള്ളിയിൽ നിന്നും കുറച്ചുപേർ മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു നിയ മരിച്ചത്. ഏപ്രില്‍ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.

നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി തെരുവ് നായ വന്നപ്പോൾ അതിനെ ഓടിക്കാൻ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു.

കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടൻ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്‌സിൻ എടുക്കുകയും ചെയ്തിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

Latest News