മലപ്പുറത്തെ അഞ്ച് വയസുകാരികാരിയുടെയും കൊല്ലത്ത് ഏഴ് വയസുകാരിയുടേയും ജീവനെടുത്തത് പേവിഷബാധയാണ്.മലപ്പുറം സ്വദേശിയായ സിയ ഫാരിസിനെ മാര്‍ച്ച് 29 നാണ് തെരുവുനായ ആക്രമിക്കുന്നത്. പിന്നാലെ കുട്ടിക്ക് റാബിസ് വാക്സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കകം കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ചികിത്സയിലിരിക്കവെ ഏപ്രില്‍ 29ന് അഞ്ച് വയസ്സുകാരി മരണത്തിന് കീഴടങ്ങി.
കൊല്ലം സ്വദേശിനിയായ കുട്ടിയെ ഏപ്രില്‍ 8-നാണ് കുട്ടിയെ തെരുവുനായ ആക്രമിക്കുന്നത്. ആക്രമണം നടന്നയുടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ഐഡിആര്‍വി ഡോസും ആന്റി റാബിസ് സിറവും നല്‍കിയിരുന്നു. മൂന്ന് തവണ കൂടി കുട്ടിക്ക് ഐഡിആര്‍ബി നല്‍കിയതായാണ് വീട്ടുകാര്‍ പറയുന്നത് എന്നിട്ടും മരണം അവളെ തേടിയെത്തി.പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷ ബാധയുണ്ടാകുന്നത് എന്തുകൊണ്ടാണ്?
പേവിഷ ബാധയ്ക്കു മുന്നിൽ മരുന്നുകൾ പോലും പരാജയപ്പെടുമ്പോൾ, നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ അറിഞ്ഞിരിക്കണം.
എല്ലാ മുറിവും ഒരുപോലെയല്ല,ആഴത്തിലുള്ള മുറിവുകള്‍ അപകടകാരികളാണ്.വളരെ വേഗം ചികിത്സ തേടണം.ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുളള ഭാഗങ്ങളിലാണ് നായയുടെ കടിയേല്‍ക്കുന്നതെങ്കില്‍ അത് രോഗബാധ വളരെ പെട്ടെന്നുണ്ടാകാന്‍ കാരണമായേക്കാം.പ്രതിരോധ കുത്തിവെയ്പ്പിന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും എന്നത് മാത്രമാണ് ചെയ്യാനാകുക. നായയുടെ ഉമിനീരില്‍ പേവിഷബാധ ഉണ്ടെങ്കില്‍ കടിയേല്‍ക്കുന്ന സമയത്ത് തന്നെ ആ വൈറസ് കടിയേല്‍ക്കുന്ന വ്യക്തിയിലേക്കും ബാധിക്കപ്പെടും. പിന്നീട് ഞരമ്പുകളിലേക്ക് കടക്കുന്ന വൈറസിന് 100-മുതല്‍ 250 മില്ലിമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറസ് ഞരമ്പുകളിലേക്ക് കടക്കുന്ന ഈ സമയത്തെയാണ് ഇന്‍ക്യുബേഷന്‍ കാലയളവായി കണക്കാക്കുക.
നായയുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റ ഭാഗത്തെ വൈറസ് എത്രയും പെട്ടെന്ന് കഴുകിക്കളയണം.ആളുകൾക്ക് മുറിവു കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റി അവബോധം കുറവാണ്.സോപ്പും വെളളവും ഉപയോഗിച്ച് കഴുകി കളയുന്നത് വൈറസുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇത് പിന്നീടുളള വൈറസ് സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. തല,മൂക്ക്,മുഖം,കഴുത്ത് ,ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ അത് അപകടമാണ്. വൈറസ് നേരിട്ട് ഞരമ്പുകളില്‍ നിന്ന് മസ്തിഷ്‌കത്തിലെത്തിയാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഫലിക്കണമെന്നില്ല. കടിയേറ്റത് ശരീരത്തിന്റെ താഴ് ഭാഗത്താണെങ്കില്‍ വൈറസ് തലച്ചോറിലെത്താന്‍ സമയമെടുക്കും. രണ്ട് രീതിയില്‍ ആയാലും കടിയേറ്റയുടന്‍ തന്നെ 15 മിനിറ്റെങ്കിലും കടിയേറ്റ ഭാഗം മുഴുവന്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് ആത്യാവശ്യമാണ്.രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ദിവസങ്ങളോ മാസങ്ങളോ ചിലപ്പോള്‍ അതില്‍ കൂടുതലോ എടുത്തേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗലക്ഷണങ്ങളില്‍ പ്രധാനം ഹൈഡ്രോ ഫോബിയയാണ്. വെളളം കുടിക്കാന്‍ കഴിയാതിരിക്കുക വെളളത്തോടുളള ഭയം അല്ലെങ്കില്‍ വിഭ്രാന്തി പോലുളള ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
കുത്തിവയ്പ്പ് എടുക്കുന്നത് എങ്ങനെ?
രണ്ടു തരത്തിലുള്ള കുത്തിവയ്പ്പുകള്‍ ഉണ്ട്. രണ്ടിനും ഒരേ ഫലം തന്നെയാണ് ഉള്ളത്. മസിലില്‍ എടുക്കുന്ന കുത്തിവയ്പ്പിന് കൂടുതല്‍ അളവ് (0.5ml) മരുന്ന് വേണം. വലിയ വിലയുള്ള ഈ മരുന്ന് കുറച്ച് അളവില്‍ (0.1ml) കൂടുതല്‍ ആളുകളില്‍ എടുക്കാം എന്നതാണ് തൊലിപ്പുറത്തു എടുക്കുന്ന കുത്തിവയ്പ്പിന്റെ പ്രത്യേകത.
പേശിയില്‍ എടുക്കുന്ന കുത്തിവയ്പ്പ്
0.5 ml മരുന്ന് ഉരത്തിനു താഴെ Deltoid പേശിയില്‍ ആണ് കുത്തുന്നത്. കുട്ടികളില്‍ തുടയുടെ അകം വശത്ത്. കുത്തിവയ്പ്പ് തുടങ്ങുന്ന ദിവസത്തെ 0 ദിവസം ആയി കരുതിയാല്‍ 0, 3, 7, 14, 28 ദിവസങ്ങളില്‍ എടുക്കണം. ചില പ്രത്യേക സാഹിചര്യങ്ങളില്‍ 90-ആം ദിവസം ഒരു കുത്തിവയ്പ്പുംകൂടി എടുക്കാറുണ്ട്. സാധാരണ സ്വകാര്യ ആശുപത്രികള്‍ ഈ രീതിയാണ് തുടരുന്നത്.
തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ്
തൊലിപ്പുറത്തു എടുക്കുന്ന ഇഞ്ചക്ഷനു മരുന്ന് കുറവുമതി. ഉരത്തിനു താഴെ തൊലിപ്പുറത്താണ് കുത്തിവയ്പ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളില്‍ ആണ് കുത്തിവയ്പ്പുകള്‍. ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ കുത്തിവയ്പ്പ് ആണള്ളത്. ഈ രീതിക്ക് വേഗത്തില്‍ പ്രതിരോധശക്തി ഉണ്ടാവും എന്നാണ് പഠനങ്ങള്‍ പറയുന്നത്. .
ഇന്ത്യയിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നായകളിലാണ് പേ വിഷബാധ കൂടുതലായി കാണുന്നത്. വളര്‍ത്തുനായ ആയാലും പേ വിഷബാധ ഉണ്ടായേക്കാം എന്നതിനെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. വളര്‍ത്തു നായകളില്‍ നിന്നും പേ വിഷബാധയേറ്റ സംഭവങ്ങള്‍ വിരളമല്ല. കൂടാതെ പൂച്ചകളിലും, പശുവിന്റെ ഉമിനീരുകളിലും റാബിസ് വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ മറ്റ് മൃഗങ്ങളുടെയോ ആക്രമണം ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതിന് തന്നെയാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. കടിയേറ്റാല്‍ എത്രയും വേഗം മുറിവ് കഴുകി വൃത്തിയാക്കുകയും ചികിത്സ തേടുകയും വേണം