Health

നായകടിച്ചാൽ എന്താണ് ചെയ്യേണ്ടത്? മുറിവ് തുന്നിക്കെട്ടമോ? കുറിപ്പ് വായിക്കാം| Stray dog attack

മരുന്നിന്റെ ഗുണനിലവാരത്തിലും പ്രശ്‌നമുള്ളതായി അറിവില്ല

പേവിഷബാധയേറ്റുള്ള മരണങ്ങൾ ഇന്ന് നിത്യസംഭവമാണ്. വാക്‌സിന്‍ എടുത്തിട്ടും രോഗം ബാധിക്കുന്നതും മരണത്തിലെത്തുന്നതും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നുകഴിഞ്ഞു. ആരോ​ഗ്യ വകുപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു രാഷ്ട്രീയ നാടകം നടക്കുന്നുണ്ടെങ്കിലും എന്താണ് ഇതിന്റെ യാഥാർഥ്യവശമെന്നു ആരും ചിന്തിക്കുന്നില്ല. എന്നാൽ വിഷയത്തിന്മേലുള്ള ചർച്ചകളിൽ ശ്രദ്ധ നേടുകയാണ് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍ പങ്കുവെച്ച കുറിപ്പ്.

കുറിപ്പില്‍ നിന്ന്………….

പട്ടി കടിച്ച് മുറിച്ചാല്‍ ഒരിക്കലും ആ മുറിവ് തുന്നിക്കൂട്ടാന്‍ പാടില്ല ജീവാപായം ഉണ്ടാകും എന്ന വിധമുള്ള അവസ്ഥ അല്ലെങ്കില്‍ അത് അങ്ങിനെ തന്നെ തത്ക്കാലം വെക്കും. റാബിസ് വൈറസ് എന്നത് ഒരു വല്ലാത്ത വൈറസ് ആണ്. അത് പെരുകാന്‍, വീണ്ടും പെരുകി വളരാന്‍ ആണ് ഓരോരോ ജീവികളില്‍ കയറിക്കൂടുന്നത്. എല്ലാ ജീവികളും ഇങ്ങനെ വളരാന്‍ വേണ്ടി തന്നെ ആണ് സദാ ശ്രമിക്കുന്നതും.

മുറിവുകളിലൂടെ, മ്യൂക്കസ് സ്തരത്തിലൂടെ ഒക്കെ ഉള്ളിലെത്തിയാല്‍ നെര്‍വുകളില്‍ എത്തലാണ് അടുത്ത പടി. എന്നിട്ട് പതുക്കെ സഞ്ചരിച്ച് സുഷുമ്‌നയിലും തലച്ചോറിലും എത്തും. എന്നിട്ട് പെരുകും. ഉമിനീര്‍ ഗ്രന്ഥികളിലും മറ്റും എത്തി അവിടെ നന്നായി പെരുകും. തലച്ചോറിലെത്തിയാല്‍ ദിവസങ്ങള്‍ കൊണ്ട് കയറിക്കൂടിയ ജീവി ചാവും എന്നതിനാല്‍ വേഗം അടുത്ത ജീവിയില്‍ കയറി ഈ പെരുകല്‍ പരിപാടി അനന്തമായി തുടരാന്‍ ഈ മാരക വൈറസ് ഒരു തന്ത്രം പയറ്റും. തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്തി അക്രമ സ്വഭാവം ഉണ്ടാക്കും, കണ്ടവരെ പിടിച്ച് കടിപ്പിക്കും. അപ്പോള്‍ വായിലെ ഉമിനീരിന് മറ്റൊരാളുടെ ശരീരത്തില്‍ കയറാന്‍ വഴി ആയല്ലൊ.

ഇത്തരത്തില്‍ പറ്റിയ മുറിവില്‍ നിന്നും അവര്‍ പതുക്കെ നീങ്ങി അടിയിലെ നെര്‍വ് തലപ്പുകള്‍ കണ്ടെത്തും. അതിനും മുമ്പ് സോപ്പിട്ട് കഴുകി ഒഴിവാക്കാന്‍ പറ്റിയാല്‍ തന്നെ വലിയൊരു അപകട സാദ്ധ്യത കുറയും. സോപ്പ് കാണും പോലെ അത്ര സാധുവല്ല. റാബിസ് വൈറസിന്റെ പുറത്തെ ലിപിഡ് പാളി സോപ്പ് തട്ടിയാല്‍ തകരും. പിന്നെ വൈറസ് വെറും ബടുക്കൂസ് ആകും, അതിന് നമ്മുടെ നെര്‍വുകളില്‍ ബന്ധിക്കാന്‍ കഴിയാതാവും നമ്മള്‍ രക്ഷപ്പെടും. അതിനാല്‍ 10-15 മിനിട്ട് സോപ്പ് പതച്ച്, പൈപ്പ് വെള്ളത്തില്‍ കഴുകുന്നതിലും പ്രധാന ചികിത്സ വേറെ ഒന്നും ഇല്ല. എന്നിട്ടേ ആശുപത്രിയിലേക്ക് എടുത്ത് ഓടാന്‍ പാടുള്ളു. അല്ലാതെ പാമ്പുകടി ഏറ്റ ആളെയും കൊണ്ട് ഓടും പോലെ വണ്ടി പിടിച്ച് ഓടരുത്.

ഇനി തുന്നാത്ത കാര്യം. തുന്നലിനിടയില്‍ വെറുതെ നില്‍ക്കുന്ന വൈറസിന് നെര്‍വില്‍ എത്താന്‍ വഴി ഒരുങ്ങിക്കളയും അതൊഴിവാക്കാനാണ് തുന്നല്‍ വേണ്ടെന്ന് വെക്കുന്നത്. തലയിലും മുഖത്തും തലച്ചോറിനോട് അടുത്തുള്ള സ്ഥലത്താണെങ്കില്‍, കൂടുതല്‍ വലിയ മുറിവാണെങ്കില്‍, നെര്‍വ് എന്‍ഡിങ്ങുകള്‍ ധാരാളമുള്ള കൈപ്പത്തിയിലും മറ്റും ആണെങ്കില്‍ വളരെ വേഗം അവിടെ, മുറിവില്‍ എല്ലാ ഭാഗത്തും ആയി റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ സിറം കുത്തിവെക്കുകയാണ് ചെയ്യുക. വാക്‌സിന്‍ കുത്തി വെച്ച് ശരീരം വൈറസിനെതിരെ ഉള്ള ആന്റി ബോഡികള്‍ ഉണ്ടാക്കാന്‍ കുറച്ച് ദിവസം എടുക്കും എന്നതിനാലാണ് അത്.

സിറവും വാക്‌സിനും കൃത്യമായി എടുത്തിട്ടും പേ ബാധയുണ്ടായത് വളരെ ഗൗരവമുള്ളതും നമ്മെ എല്ലാവരേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ കാര്യമാണ്. ആഴത്തിലുള്ള കടിയില്‍, പട്ടിയുടെ പല്ല് ഉള്ളിലെ നെര്‍വുകളില്‍ സ്പര്‍ശിക്കുകയും വൈറസുകള്‍ നെര്‍വുകളില്‍ നേരിട്ട് കയറുകയും ചെയ്തതാകാനും മതി, അത്യപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളു. വാക്‌സിനെടുക്കുമ്പോള്‍ കൃത്യമായും തൊലിക്കടിയില്‍ ഇന്‍ട്രാ ഡെര്‍മല്‍ തന്നെ ആയി വാക്‌സിന്‍ എത്തണം. സൂചി തൊലിയുടെ ആഴത്തിലേക്ക് കയറി പോയി സബ്ക്കുട്ടേനിയസ് ഏരിയയില്‍ വാക്‌സിന്‍ എത്തിപ്പോയാലും വാക്‌സിന്‍ കൊണ്ട് പ്രതീക്ഷിച്ചത്ര ഫലം ലഭിക്കില്ല.

എന്നാല്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് നേഴ്‌സ്മാര്‍ക്ക് ഹഉങഞ രീതിയില്‍ കുത്തിവെപ്പ് നല്‍കാന്‍ കൃത്യമായ പരിശീലനം നല്‍കാറുണ്ട്. കോള്‍ഡ് ചെയിന്‍ ശീതികരണ സംവിധാനവും വളരെ കാര്യക്ഷമമാണ, മരുന്നിന്റെ ഗുണനിലവാരത്തിലും പ്രശ്‌നമുള്ളതായി അറിവില്ല. എങ്കിലും എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കണം.ഇനി ഒരു മരണം കൂടി ഉണ്ടാകരുത്.

content highlight: Stray dog attack