Saudi Arabia

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായിരുന്നു കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാൽ മാത്രമേ റഹീം ജയിൽ മോചിതനാകൂ. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.

വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു.