World

ചൈനയ്ക്ക് അടിപതറി,തീരുവയുദ്ധം ചൈനയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയോ? അടച്ച് പൂട്ടലിന്റെ വക്കിൽ ഫാക്ടറികൾ, തൊഴിലാളികൾ തെരുവിലിറങ്ങി

അമേരിക്കയുടെ തീരുവ യുദ്ധം ചൈനയ്ക്ക് നേരെയുള്ള ആക്രമണമായാണ് പൊതുവെ വിലയിരുത്തുന്നത്. പക്ഷെ ചൈന പതറാതെ അമേരിക്കയ്ക്ക് നേരെ പകരചുങ്കവും മാറ്റുമായി പ്രതികാര നടപടി എടുക്കുന്നതും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുകയാണ്. പകരചുരത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുകയാണ് ചൈന ഇപ്പോൾ. അമേരിക്കയിലേക്ക് ഉൾപ്പെടെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചൈനയിലെ ഫാക്ടറികളിൽ പലതും പ്രതിസന്ധിയിലാണ്. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുണ്ട്.

ശമ്പള പ്രതിസന്ധിയും പിരിച്ചുവിടലും വ്യാപകമായതോടെയാണ് തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയത്. തീരുവ ഉയര്‍ത്തിയത് മൂലം കയറ്റുമതിയിൽ തിരിച്ചടി ഉണ്ടായതാണ് കാര്യങ്ങൾ വഷളാക്കിയത്. കമ്പനികള്‍ക്ക് കയറ്റുമതിക്കായി വേണ്ടത്ര ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല.

ഷാങ്ഹായ്ക്ക് സമീപമുള്ള വ്യാവസായിക കേന്ദ്രങ്ങളിലും മംഗോളിയയിലും തൊഴിലാളി പ്രതിഷേധം ഉയർന്നുവന്നു. ടോങ്‌ലിയാവോ പോലുള്ള നഗരങ്ങളിൽ, ശമ്പളം ലഭിക്കാത്തതിൽ നിരാശരായി തൊഴിലാളികൾ കെട്ടിടങ്ങളുടെ മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാങ്ഹായ്ക്ക് സമീപം എൽഇഡി ലൈറ്റ് ഫാക്ടറിയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ജനുവരി മുതൽ ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധ പ്രകടനം നടത്തി. ഡാവോ കൗണ്ടിയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അവിടെ ഒരു സ്‌പോർട്‌സ് ഗുഡ്‌സ് കമ്പനി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാതെ പ്രവർത്തനം നിർത്തിവച്ചു. വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു.

ചൈനയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിംജിയാങ് പ്രവിശ്യയിലെ നിംഗ്‌ബോ ഷുസാന്‍ തുറമുഖം ചൈനയുടെ കയറ്റുമതിയുടെ പ്രധാന ഹബ്ബുകളിലൊന്നാണ്. മിക്കതും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തുന്നത്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലിലെ ആദ്യ മൂന്നാഴ്ച ചരക്കുനീക്കത്തില്‍ 12-13 ശതമാനം കുറവുണ്ടായെന്ന് കോസ്‌കോ എന്ന ചൈനീസ് ഷിപ്പിംഗ് കമ്പനി വെളിപ്പെടുത്തി. ഏപ്രില്‍ അവസാനത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ചരക്കുനീക്കത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കെതിരെ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല തീരുവകളും ട്രംപ് പിന്നീട് പിൻവലിക്കുകയും ഇളവ് നൽകുയും ചെയ്തു. എന്നാൽ ചൈനീസ് ഇറക്കുമതികളുടെ തീരുവകൾ അതേപോലെ നിലനിർത്തി, ബീജിംഗിനെ കൂടുതൽ ഒറ്റപ്പെടുത്തി. ചൈനയും വിട്ടുകൊടുക്കാൻ തയ്യാറാകാത്തതോടെ വ്യാപര യുദ്ധത്തിലേക്ക് കാര്യങ്ങൾ കടക്കുകയായിരുന്നു.

യുഎസിലേക്ക് ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ഇപ്പോൾ 245% വരെ തീരുവ നൽകണമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ 125% തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച ചർച്ച ഉടനെയൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.