Kerala

ഒന്നും പറയാനില്ല മക്കളേ, കടുംചായ കുടിച്ചിട്ട് വീട്ടിൽ പോയി കിടന്ന് ഉറങ്ങ്: നേതൃമാറ്റ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ കെ സുധാകരൻ

നേതൃമാറ്റ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ എന്ന് കെ സുധാകരൻ പറഞ്ഞു. കടുംചായ കുടിച്ചിട്ട് വീട്ടിൽ പോയി കിടന്ന് ഉറങ്ങ് എന്നും കെ സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ, അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ. പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്താണ് സുധാകരൻ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. “പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം കെ.സുധാകരൻ”, കെ.സുധാകരൻ ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.ഐ.എം”, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിലുള്ളത്.

അതേസമയം, കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത് എത്തി. നേതൃമാറ്റവുമായി ബന്ധ​​​പ്പെട്ട് മുതിർന്ന നേതാക്കൻമാർ ദിവസവും പരസ്യമായി വിവാദപ്രസ്താവനകളുമായി രംഗത്തുവരുന്നത് അവസാനിപ്പിക്കണം. വരാൻ പോകുന്നത് അങ്കണ്‍വാടി തെരഞ്ഞടുപ്പ് അല്ല. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്. കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും കെ സുധാകരൻ കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടും. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്.നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

പേ പിടിച്ച പട്ടിയെ പേടിക്കണോ അതോ സർക്കാരിനെ പേടിക്കണോ എന്ന അവസ്ഥയാണുള്ളത്. പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളിൽ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധരപരിപാടികള്‍ നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു.

 

Latest News