Kerala

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ; കൃഷി രീതി പരിചയപ്പെടാം…

ശ്രദ്ധയും പരിചരണവും നൽകിയാൽ നല്ല വിളവ് നൽകുന്ന കൃഷിയാണ് മുന്തിരി. ഒറ്റച്ചെടിയിൽ നിന്ന് 15-20 വർഷം വരെ സുസ്ഥിരമായ വിളവ് നൽകുന്ന മുന്തിരി, കാർഷിക വിപണിയിലെ ഒരു ‘ഗ്രീൻ ഗോൾഡ്’ ആയി മാറിയിരിക്കുന്നു. ഇന്ന് മുന്തിരിയുടെ ജ്യൂസ്, വൈൻ, ഉണക്കമുന്തിരി എന്നിവയ്ക്ക് ലോകമെമ്പാടും ആവശ്യക്കാർ ഏറെയാണ്. ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം ഉപയോഗിച്ച് ജലച്ചെലവ് 70% വരെ കുറയ്ക്കാം.

ഏതുകാലത്തും നടാവുന്ന ഒന്നാണ് മുന്തിരി. നമ്മുടെ വീട്ടുമുറ്റത്തും മുന്തിരി കൃഷി ചെയ്യാൻ സാധിക്കും. മുന്തിരി കൃഷിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. വെയില്‍ ലഭ്യമല്ലെങ്കില്‍ തണലില്‍ ചെടി നട്ട ശേഷം അവയെ സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക്‌ പടര്‍ത്താവുന്നതാണ്. സ്ഥല പരിമിതിയുള്ളവര്‍ക്ക് ഈ രീതിയില്‍ കൃഷി ചെയ്യാം. മണ്ണില്‍ നടുന്നതാണ്‌ നല്ലത്.

നടീല്‍
1 മീറ്റര്‍ ആഴവും വീതിയുമുള്ള കുഴി എടുത്ത ശേഷം അതിലേക്കു ധാരാളം കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറക്കണം. ഇതിലേക്ക് 1 കിലോ എല്ലുപൊടി, 1 കിലോ വേപ്പിന്‍ പിണ്ണാക്ക്, 1 കിലോ പൊട്ടാഷ്, 1 കിലോ രാജ്ഫോസ് എന്നിവ കൂടി നിറക്കണം. ശേഷം കുഴി മണ്ണിട്ട്‌ മൂടാം. തൈകള്‍ നടാന്‍ സമയം വാം (വെസിക്കുലാര്‍ ആര്‍ബസ് ക്കുലാര്‍ മൈക്കോ റൈസ) കൂടി മണ്ണില്‍ ചേർക്കാം. മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ ചെടികളെ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗിരണം ചെയ്യുന്നതിന് വാം ചെടികളെ സഹായിക്കും. എല്ലാ ദിവസവും ചെടി നന്നായി നനച്ചു കൊടുക്കണം.

കടല പിണ്ണാക്ക് പുളിപ്പിച്ചത് എല്ലാ മാസവും നല്‍കുന്നത് ചെടികളുടെ വളര്‍ച്ചയെ സഹായിക്കും. 100-250 ഗ്രാം കടല പിണ്ണാക്ക് 1-2 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം വെച്ചതിന്റെ തെളി ഒഴിച്ച് കൊടുത്താല്‍ മതിയാവും. ഇടയ്ക്കിടെ ചാണകപ്പൊടി, എല്ലുപൊടി എന്നിവ നല്‍കുന്നതും മുന്തിരി ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്ലതാണ്.

പ്രൂണിങ് (കോതി ഒതുക്കൽ)
ചെടി കാട് പോലെ വളര്‍ന്നു, കായ ഉണ്ടാവുന്നില്ല – പലരും പറയുന്ന പരാതി ആണിത്. മുന്തിരി ചെടികളില്‍ അവയുടെ കൊമ്പ് കോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും. മഴയില്ലാത്ത സമയം നോക്കി പ്രൂണിംഗ് ചെയ്യാം. പെന്‍സില്‍ വണ്ണമുള്ള ശാഖകള്‍ നിര്‍ത്തി, ചെടിയിലെ മറ്റിലകള്‍, സ്പ്രിംഗ് വള്ളികള്‍ ഇവ മുറിച്ചു കളയണം. ഇതിന് ശേഷം ചെടിയില്‍ ഉണ്ടാവുന്ന ശിഖരങ്ങളില്‍ ഇലകളും അതോടൊപ്പം പൂക്കളും പ്രത്യക്ഷപ്പെടും. പൂവിട്ട ശേഷം 3 മാസം കൊണ്ടാണ് കായ പഴുത്തു തുടങ്ങുക. ഈ ഘട്ടത്തില്‍ കായകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്.

മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പഴുത്തു തുടങ്ങുന്ന സമയത്ത് ജലസേചനം പാടില്ല. കായകള്‍ക്കു നല്ല മധുരം ലഭിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. സ്യൂഡോമോണസ് മാസത്തില്‍ ഒരിക്കല്‍ പ്രയോഗിക്കുന്നത് ചെടികള്‍ക്ക് നല്ലതാണ്. വിളവെടുപ്പിനുശേഷം കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ വിളവെടുക്കാം. പഴങ്ങള്‍ കിളി കൊത്താതിരിക്കാന്‍ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷം വരെ നിലനില്‍ക്കും.