Entertainment

ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിക്കും ഇടയിലെ വില്ലനാര് ? :തുടക്കം ‘ബേബി ഗേള്‍’ സിനിമ സെറ്റിലെ കഞ്ചാവ് പുകയോ? ; നിവിന്‍ പോളിയുടെ ആരാധകന്റെ വെളിപ്പെടുത്തല്‍ വിവാദമാകുമോ?

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും യുവനടന്‍ നിവിന്‍ പോളിയും തമ്മിലുളള ഒളിയുദ്ധം പുതിയ തലത്തിലേക്ക്. നിലിന്‍ പോളിയുടെ ആരാധകരും വിവാദത്തില്‍ ഇടപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ലിസ്റ്റിന്‍ സ്റ്റീഫനും തനിക്കാവുന്ന രീതിയില്‍ പ്രതിരോധം തീര്‍ക്കുകയാണ്. ”പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നും, ആ തെറ്റ് ഇനി ആ തെറ്റ് ആവര്‍ത്തിക്കരുതെന്നുമായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം”. ഈ പ്രസ്താവനയ്ക്ക് പിന്നാലെ മലയാള സിനിമ മേഖലയിലെ എല്ലാ നടന്മാരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഇതെ തുടര്‍ന്ന് വിവിധ നടന്മാരുടെ ആരാധകര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉദ്ദേശിച്ച നടന്‍ ആരെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

നിവിന്‍ പോളിയെ നായകനാക്കി ലിസ്റ്റിന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ സിനിമയുടെ സെറ്റില്‍ നിന്നും നിവിന്‍ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. താന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട് പ്രമുഖ താരത്തിന്റെ നടപടിയാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ ചിത്രീകരണം പൂര്‍ത്തിയാവും മുന്‍പേ മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. നിര്‍മ്മാതാവിന്റെ അനുമതി വാങ്ങാതെയായിരുന്നു ഇത്. രണ്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്നും ഇദ്ദേഹം അഡ്വാന്‍സ് ഇനത്തില്‍ ഒരു കോടി കൈപ്പറ്റിയതായുമാണ് വിവരം. ശരിക്കും നിവിന്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങി പോയത് എന്തിനാണ്? സംഭവത്തിലെ യഥാര്‍ത്ഥ വില്ലന്‍ കഞ്ചാവാണോ എന്നാണ് സംശയം.

കുറച്ചുനാളുകളായി സിനിമയ്ക്കുളളിലെ ലഹരി വേട്ടയും, നടന്മാരുടെ ലഹരി ഉപയോഗവുമെല്ലാം സിനിമ മേഖലയില്‍ ഏറെ ചര്‍ച്ച വിഷയമായി മാറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയൊരു വെളിപ്പെടുത്തലുമായി ലിസ്റ്റിന്‍ രംഗത്തെത്തുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സിനിമാ മേഖലയിലെ ലഹരി തന്നെയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കാരണം, തിരുവനന്തപുരത്തായിരുന്നു ബേബി ഗേള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്. ആ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവ് പിടിക്കൂടിയ സെറ്റില്‍ സഹകരിക്കാന്‍ തയാറല്ലെന്ന് പറഞ്ഞ് നിവിന്‍ ഇറങ്ങി പോയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. തന്റെ സിനിമയുടെ ക്രൂ അംഗത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തില്‍ ലിസ്റ്റിന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം ലിസ്റ്റിന്‍ സ്റ്റീഫനും ബേബി ഗേളിന്റെ സംവിധായകനായ അരുണ്‍ വര്‍മയും ഇന്‍സ്റ്റഗ്രാമില്‍ നിവിനെ അണ്‍ഫോളോ ചെയ്തതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിവിന്‍പോളി ‘ബേബി ഗേളി’ന്റെ ഷൂട്ടിങ്ങിന് എത്തിയില്ലെന്ന് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് നിവിന്‍ പോളിയായിരിക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ പ്രമുഖ നടന്‍ എന്ന സംശയം സാമൂഹ മാധ്യമത്തില്‍ ഉയര്‍ന്നത്. എന്തായാലും ലിസ്റ്റിന്റെ പ്രസ്താവന സിനിമ മേഖലയില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. സംഭവത്തില്‍ ലിസ്റ്റിനെ പ്രതികൂലിച്ചും നിവിന്‍ പോളിയെ അനുകൂലിച്ചും നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും വരുന്നുണ്ട്. കഞ്ചാവ് പിടിച്ച സെറ്റില്‍ തുടരാന്‍ വിസമ്മതിച്ച ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍’! എന്ന തരത്തില്‍ നിവിനെ പ്രശംസിച്ചും ആരാധകരുടെ പോസ്റ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയിട്ടും, സിനിമയില്‍ അഭിനയിക്കാനുളള എഗ്രിമെന്റ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിവിന്‍ പോളിക്ക് കൈമാറിയിട്ടില്ലെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്്. ആര്‍ട്ടിസ്റ്റുകള്‍ക്ക് കോണ്ട്രാക്റ്റുകള്‍ നല്‍കാതെ പീഡിപ്പിച്ച് പണിയെടുപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് ആണ് ലിസ്റ്റിനെന്ന് റോണി വര്‍ഗീസ് എന്ന നിവിന്‍ പോളി ആരാധകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ

”നിവിന്‍ ലിസ്റ്റിന്റെ അവസ്ഥ കണ്ട് മറ്റ് സിനിമയുടെ ഡേറ്റ്‌സ് അഡ്ജസ്റ്റ് ചെയ്ത് ലിസ്റ്റിനൊപ്പം ഒരു സുഹൃത്തായി നിന്ന് ഈ സിനിമയില്‍ വെടിപ്പായി അഭിനയിക്കുന്നൂ അങ്ങനെ ആ ഷെഡ്യൂള്‍ ഷൂട്ട് തീര്‍ത്ത് നിവിന്‍ പോളി ഏപ്രില്‍ 27 ന് മുന്‍ നിശ്ചയിച്ച പ്രകാരം ഷൂട്ട് പൂര്‍ത്തിയാക്കി മടങ്ങുന്നൂ. എന്നാല്‍ ലിസ്റ്റിന്‍ സിനിമ തുടങ്ങുമ്പോള്‍ മുതല്‍ നിവിന്‍ പോളിയുടെ ഓഫീസ് ആവശ്യപ്പെടുന്ന സിനിമയില്‍ അഭിനയിക്കാനുള്ള എഗ്രിമന്റ് അയക്കാം എന്ന് പറഞ്ഞ ആ എഗ്രിമന്റ് ലിസ്റ്റിന്‍ എത്ര ചോദിച്ചിട്ടും അയക്കുന്നില്ല.ഒരു നായക നടന് ഒരു സിനിമയില്‍ അഭിനയിക്കാനുള്ള എഗ്രിമന്റ് കിട്ടുക എന്നത് ധാര്‍മ്മികമായ ആവശ്യം അല്ലേ?? എന്നാല്‍ എഗ്രിമന്റ് ഇല്ലാതെ അഭിനയിക്കണം എന്ന് ലിസ്റ്റിന്‍ മാടമ്പിയുടെ ഓര്‍ഡര്‍ / വാശി (നീ എന്നോട് എഗ്രിമന്റ് ചോദിക്കാന്‍ മാത്രം വളര്‍ന്നോ എന്ന ലൈന്‍.. ഏത്?? ;)) നിവിന്‍ പോളിയുടെ ഓഫീസ് ഭാഗത്ത് നിന്നും കഴിഞ്ഞ ഒരു മാസമായി ഈ എഗ്രിമെന്റിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും ലിസ്റ്റിന്‍ ഒരു മറുപടിയും നല്‍കിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവസാനം ലിസ്റ്റിന്‍ പറയുന്നത് പോലെ അനുസരിക്കണം.. ഇല്ലെങ്കില്‍ അനുസരിപ്പിക്കും എന്ന് വെല്ല് വിളിച്ചൂ അത്രേ.ഈ കോണ്ട്രാക്റ്റുകള്‍ നല്‍കാതെ ആര്‍ട്ടിസ്റ്റുകളെ പീഢിപ്പിച്ച് പണിയെടുപ്പിക്കുന്നതില്‍ അത്രമേല്‍ ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് മാടമ്പി ലിസ്റ്റിനകത്ത് ഉണ്ടെന്നത് ഇന്റസ്ട്രിയില്‍ പരസ്യമായ രഹസ്യമാണ്. ഇതാണ് ആക്ച്വല്‍ വിഷയം എന്ന് കേള്‍ക്കുന്നൂ. ഇനി അങ്ങനെ ഒരു എഗ്രിമെന്റ് ലിസ്റ്റിന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ലിസ്റ്റിന്‍ ആ എഗ്രിമന്റ് പുറത്ത് വിടട്ടേ.”- റേണി വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.