Kerala

അനധികൃത പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി താമസിക്കുന്ന പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അനധികൃത കുടിയേറ്റക്കാരെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ വികസിത കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അനധികൃത പാകിസ്ഥാനി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന നിര്‍ദേശം പാലിക്കാത്തത് കേരളം മാത്രമാണ്. ഹമാസിനെ പറ്റിയോ പാക് -ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെ പറ്റിയോ പറഞ്ഞാല്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും എന്താണ് ഇത്ര വിഷമം. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവില്ല. പ്രീണന രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കും. വികസിത കേരളത്തിനായി ഒരു സുരക്ഷിത കേരളം വേണം. സുരക്ഷിത കേരളത്തിലേ നിക്ഷേപങ്ങളും അവസരങ്ങളും വരികയുള്ളൂ.

പാവപ്പെട്ട മലയാളികളുടെ ക്ഷേമവും അവസരങ്ങളും കവരുകയാണ് ഇത്തരം കുടിയേറ്റക്കാര്‍. മൂന്നര കോടി മലയാളികളുടെ സുരക്ഷ പണയം വയ്ക്കരുത്. നമ്മുടെ സൈനികരുടെ ത്യാഗം പ്രീണന രാഷ്ട്രീയത്തിന് മുന്‍പില്‍ അടിയറ വയ്ക്കരുത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം നടപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ എത്തേണ്ടതുണ്ട്. എട്ടു മന്ത്രിമാര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു.

എന്നാല്‍ നാടിനു വേണ്ടി യാതൊന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. പത്തു കൊല്ലം ഭരിക്കാന്‍ യുപിഎ സര്‍ക്കാരിന് ജനങ്ങള്‍ അവസരം കൊടുത്തപ്പോള്‍ രാജ്യ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം ആണ് അവര്‍ കാഴ്ചവെച്ചത്. എന്നാല്‍ മോദിക്ക് ജനങ്ങള്‍ നല്‍കിയ പത്ത് വര്‍ഷം കൊണ്ട് വികസിത രാജ്യമായി ഇന്ത്യയെ മുന്നോട്ട് കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്ഘടനയായി രാജ്യത്തെ മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. നൂറുകണക്കിന് ക്ഷേമ പദ്ധതികള്‍ മോദിയുടെ ഭരണത്തില്‍ രാജ്യത്ത് നടപ്പാക്കി. മൂന്നാം തവണയും ജനങ്ങള്‍ മോദിക്ക് അവസരം നല്‍കിയത് അതൊക്കെ കൊണ്ടാണ്. എന്നാല്‍ കേരളത്തിലെ അവസ്ഥ എത്ര ദയനീയമാണ്.

തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിച്ചിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം ജനങ്ങള്‍ ആഘോഷിക്കുന്നില്ല. മരുമകനും മകളും മാത്രമാണ് അതാഘോഷിക്കുന്നത്. മകളുടെ കമ്പനിയിലേക്ക് കോടികള്‍ കൊടുക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന ചോദ്യം ശക്തമാണ്. അതിനവര്‍ ഉത്തരം പറയേണ്ടി വരും. എല്ലാവര്‍ക്കും വേണ്ടി എല്ലാവര്‍ക്കും ഒപ്പം എന്ന ഉദ്യേശത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കേന്ദ്ര പദ്ധതികളില്‍ യാതൊരു ഭേദം ഭാവനകളും ബിജെപി സര്‍ക്കാര്‍ ചെയ്യാറില്ല.

മുനമ്പത്തെ 610 ക്രിസ്ത്യാനികളുടെ സ്വത്ത് തട്ടിയെടുത്തപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൗനം പാലിച്ചു. നിയമ നിര്‍മ്മാണം നടത്തി ആ കുടുംബങ്ങള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്. പഹല്‍ഗാമിലെ ഭീകരരെ അനുകൂലിച്ച് രംഗത്തെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

CONTENT HIGH LIGHTS; Illegal Pakistani-Bangladeshi immigrants pose threat to national security: Rajiv Chandrasekhar