പേവിഷ ബാധ ജീവൻ വരെ എടുക്കുന്ന കാലമാണിത്. വാക്സിനേഷനുകൾ മാത്രം പോര കരുതലും വേണം. നായയെ മാത്രമല്ല പൂച്ചയേയും കന്നുകാലികളേയും ശ്രദ്ധിക്കണം.പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.അത്കൊണ്ട് തന്നെ പൂച്ചകളുടെ അടുത്തും കരുതൽ വേണം.
കന്നുകാലികളില്‍ പേവിഷ ബാധയേറ്റാൽ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കാളകളില്‍ അമിതമായ ലൈംഗികാസക്തിയും കാണാം.നായകളാണ് രോഗവാഹകരില്‍ പ്രധാനികള്‍. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില്‍ അധികവും.
നായകളില്‍ രണ്ടുതരത്തിലാണ് രോഗം പ്രകടമാകുക. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും.