Kerala

ശ്രദ്ധേയമായി അമൃത ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്

ആലപ്പുഴ: അമൃത ആശുപത്രിയും ചേർത്തല “പൊലിമ” യും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക് കാർഡിയോളജി, ഓർത്തോപീഡിക്സ്, കാർഡിയോളജി, ENT, ദന്തരോഗ൦, നേത്ര രോഗo എന്നീ വിഭാഗങ്ങളിലായി നടന്ന മെഡിക്കൽ ക്യാംമ്പിൽ നിരവധി പേർ പങ്കെടുത്തു.

ചേർത്തല ബോയ്‌സ് സ്‌കൂളിൽ വെച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷെർളി ഭാർഗവൻ, മാതാ അമൃതാനന്ദമയിമഠത്തിലെ സ്വാമിനി കരുണാമൃത പ്രാണ, കൊച്ചി അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. രഹ്‌ന , ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികളും, വിവിധ കൗൺസിൽ കൺവീനർമാരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി എക്സ്റേ, ഇസിജി, എക്കോടെസ്റ്, പൾമൊണറി ഫങ്ക്ഷൻ ടെസ്റ്റ്, മറ്റു ലബോറട്ടറി ടെസ്റ്റുകൾ മുതലായവ രോഗികൾക്ക് സൗജന്യമായി ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. 1760 പേർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ 19 എക്കോടെസ്റ്റും, 113 ഇസിജി, 26 പിഎഫ്ടി, 37 എക്സ്റേ, 44 ഓഡിയോളജി, 251 രക്ത പരിശോധനകൾ എന്നിവ സൗജന്യമായി നടത്തി. അമൃത ദന്തൽ കോളേജിൽ നിന്നുള്ള സംഘവും ക്യാമ്പിന്റെഭാഗമായി.

കേടു വന്ന പല്ലുകൾ എടുക്കുന്നതിനായി 33 രോഗികൾക്കും, പല്ല് അടക്കുന്നതിനായി 19 രോഗികൾക്കും സൗകര്യം ഒരുക്കി. ക്യാമ്പിൽ കണ്ടെത്തിയ 38 തിമിര ബാധിതരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നതിനുള്ള സംവിധാനം ക്യാമ്പ് അഡ്മിനിസ്ട്രേറ്റർ എം.ഡി. ജയന്റെ നേതൃത്വത്തിൽ ചെയ്തു. എഴുപതോളം ഡോക്ടർമാരും, നൂറ്റിമുപ്പതോളം പാരാമെഡിക്കൽ സ്റ്റാഫും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.