ഐപിഎൽ (ഇന്ത്യൻ പ്രിമിയർ ലീഗിൽ) മോശം പ്രകടനം കാഴ്ചവച്ച ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന്, തന്റെ മോശം ഫോമിൽ നിന്ന് കരകയറാൻ എംഎസ് ധോണിയെ വിളിക്കണമെന്ന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും കമന്റേറ്ററുമായ വീരേന്ദർ സേവാഗ്.
ഈ ഐ.പി.എല്ലിൽ ഇതുവരെ ഒരു അർധസെഞ്ച്വറി മാത്രമാണ് ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ നായകനായ പന്തിന് നാടാൻ സാധിച്ചുള്ളൂ. പന്തിന് ശരിയായി ചിന്തിക്കാൻ സാധിക്കുന്നില്ലെന്ന് തോന്നിയാൽ ഏതെങ്കിലും ക്രിക്കറ്റ് താരങ്ങളെ വിളിക്കാമെന്നും ധോണിയെയാണ് പന്ത് റോൾ മോഡലായി കാണുന്നതെങ്കിൽ അദ്ദേഹത്തെ വിളിക്കണമെന്നും സേവാഗ് ഉപദേശിച്ചു.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ 237 റൺസ് പിന്തുടരാൻ ഇറങ്ങിയ ലഖ്നോവിന് വേണ്ടി 17 പന്തിൽ നിന്നും 18 റൺസ് എടുക്കാൻ മാത്രമെ പന്തിന് സാധിച്ചുള്ളൂ. ഇതിന് ശേഷമാണ് സേവാഗിന്‍റെ ഉപദേശം. ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു സേവാഗ്.
‘എന്റെ അഭിപ്രായത്തിൽ, പന്ത് ഐ.പി.എല്ലിലെ തന്‍റെ മികച്ച പ്രകടനങ്ങളുടെ പഴയ വീഡിയോകൾ കാണണം. അത് കാണുമ്പോൾ പന്തിന് ആത്മവിശ്വാസം ലഭിക്കും. എങ്ങനെയാണ് നിങ്ങൾ ഇന്നിങ്സ് ബിൽഡ് ചെയ്തിരുന്നത്. എങ്ങനെയാണ് വ്യത്യസ്ത ഷോട്ടുകൾ കളിച്ചത് എന്നതിലൊക്കെ ഒരു വ്യക്തത അതിൽ നിന്നും ലഭിക്കും.
ഇപ്പോൾ തന്നെ നമ്മൾ രണ്ട് പന്തിനെ കണ്ടു, കാറപകടത്തിന് മുമ്പുള്ളതും അതിന് ശേഷമുള്ളതു. ഇപ്പോഴുള്ള പന്തിന് ബൗളർമാരുടെ മേലുള്ള സമ്പൂർണ ആധിപത്യം നഷ്ടപ്പെട്ടു,’ സേവാഗ് പറഞ്ഞു.
‘നമ്മുടെ പതിവു രീതികളിൽ എന്തെങ്കിലും തടസങ്ങൾ വന്നാൽ അത് മൊത്തത്തിൽ ബാധിക്കും. അപ്പോൾ നമ്മുടെ ചിന്ത ബാറ്റിങ്ങിനെക്കുറിച്ച് മാത്രമായിപ്പോകും. മറ്റു പ്രധാനപ്പെട്ട മേഖലകൾ വിട്ടുപോകും. പരിശീലകനം, ജിം, ഓട്ടം, ഉറക്കം തുടങ്ങിയ പതിവുകളൊന്നും വിട്ടുകളയരുത്. ഇതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.
പിന്നെ ചെയ്യാവുന്ന കാര്യം ആത്മവിശ്വാസം നൽകുന്ന ആരോടെങ്കിലും സംസാരിക്കുക എന്നതാണ്. ഫോണെടുത്ത് സധൈര്യം വിളിക്കു. ധോണിയെയാണ് നിങ്ങൾ റോൾ മോഡലായിയി കാണുന്നതെങ്കിൽ മടിക്കാതെ അദ്ദേഹത്തെ വിളിച്ച് സംസാരിക്കു. ചില സമയത്ത് നമ്മുടെ മനസ് സംശയങ്ങൾകൊണ്ട് നിറയും. അതെല്ലാം പുറത്തേക്ക് വരട്ടെ’ -സേവാഗ് പറഞ്ഞു.