India

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

ഈ വര്‍ഷം അവസാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ന്യൂഡല്‍ഹി : ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ടുളള ,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സ്വീകരിച്ചതായി ക്രെംലിന്‍ തിങ്കളാഴ്ച അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ റഷ്യന്‍ പ്രസിഡന്റ് നടത്തിയ ഫോണ്‍ കോളില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു . ഈ വര്‍ഷം അവസാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

”റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ മോദിയെ ഫോണില്‍ വിളിച്ചു. പഹന്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു”. -വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധി ജയ്സ്വാള്‍ എക്‌സിലൂടെ അറിയിച്ചു.

റഷ്യയുടെ വിജയദിനത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി മോദി പുടിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കുകയും ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്ന് ജയ്സ്വാള്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന വിജയദിനത്തില്‍ പങ്കെടുക്കാന്‍ റഷ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മോദി റഷ്യ സന്ദര്‍ശിക്കില്ല.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുളള ബന്ധം വഷളായതിനെ തുടര്‍ന്ന് പാക് പ്രിരോധ മന്ത്രി പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിരിക്കുന്നത്.