കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഇത്തരത്തില്‍ ജോലി വാദ്ഗാനം ലഭിച്ച നിരവധി പേര്‍ വഞ്ചിക്കപ്പെട്ടുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഉയര്‍ന്ന വേതനമുള്ള ജോലി വിശ്വസിപ്പിച്ച് രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഫീസ് ഈടാക്കി നിരവധിപേരെ വ്യാജ റിക്രൂട്ട്‌മെന്റ് സംഘം വഞ്ചിച്ചിട്ടുണ്ട്.
യുഎഇ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ താമസ അനുമതി ഉള്ളവര്‍ക്ക് ജോര്‍ജിയയില്‍ വിസ കൂടാതെ 30 ദിവസത്തേക്ക് പ്രവേശനം സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തുന്നത്. വിദേശ തൊഴിലവസരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ പാടുളളൂ. ഇതിനായി നിയമാനുസൃതമായ ഫീസ് മാത്രമേ ഈടാക്കാനുമാകൂ.
വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടല്‍ (www.emigrate.gov.in) മുഖേന റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഇതിനോടകം പരാതികള്‍ ലഭിച്ചിട്ടുളള അനധികൃത ഏജന്‍സികളുടെ വിവരങ്ങളും ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ അറിയാന്‍ കഴിയും.
തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (POE) ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും അവസരമുണ്ട്. തിരുവനന്തപുരം 0471-2336625-26, എറണാകുളം 0484-2315400, 2360187, 2372040 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യ മന്ത്രാലത്തിന്റെ പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ (PBSK) ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1800 11 3090, അന്താരാഷ്ട്ര ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ (കോള്‍ നിരക്കുകള്‍ ബാധകം): +91 11 26885021,+91 11 40503090 ഇവയിലോ മലയാളത്തില്‍ 0484-2314900, 2314901 (10AM-05PM) നമ്പറുകളിലോ ബന്ധപ്പെട്ടും ആധികാരികത ഉറപ്പിക്കാം.
CONTENT HIGH LIGHTS;Job scam in Georgia; NORKA urges caution against fake agencies