ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുവെന്ന അവകാശവാദവുമായി പാകിസ്താൻ സൈബർ ഫോഴ്സ്. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നീ വെബ്സൈറ്റുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് റിപ്പോർട്ട്. വിവര ചോർച്ച തടയാൻ നടപടികൾ സ്വീകരിച്ചെന്നും കരസേന അധികൃതർ വ്യക്തമാക്കി.
പ്രതിരോധസേനയിലെ വെബ്സൈറ്റുകളിലേക്ക് നുഴഞ്ഞു കയറിയെന്നും രഹസ്യവിവരങ്ങൾ ചോർത്തിയെന്നുമാണ് ഇവരുടെ അവകാശവാദം. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
എന്നാൽ, പ്രതിരേധസേനയിലെ ചില വൈബ്സൈറ്റുകളിൽ സുരക്ഷാവീഴ്ചയുണ്ടെന്ന് പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിരോധസേനയിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ലോഗ് ഇൻ പാസ്വേഡുകൾ എന്നിവയെല്ലാം ചോർന്നുവെന്നാണ് സൂചന. ഇതിനൊപ്പം അംറോറെഡ് നിഗം ലിമിറ്റഡിന്റെ വെബ്സൈറ്റ് തകർക്കാനും ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നും റിപ്പോർട്ടുണ്ട്. നേരത്തെയും ഇതേരീതിയിൽ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാരുടെ ശ്രമമുണ്ടായിരുന്നു. എന്നൽ, അതിൽ ഹാക്കർമാർ വിജയിച്ചിരുന്നില്ല.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന പാകിസ്താനെതിരെയുള്ള നടപടികൾ ഇന്ത്യ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറക്കാനും വിസ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.