”ഇങ്ങനെയൊരു കൂടിക്കാഴ്‌ച ഒരിക്കൽ ഉണ്ടാകുമെന്ന് രാംദാസ് സർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതിനായി അന്നേ കരുതിവച്ചതാണ് ഈ പള്ളി… ഈ ശ്‌മശാനം”- ലൂസിഫർ എന്ന ചിത്രത്തിൻ്റെ കഥാഗതി തന്നെ മാറ്റിമറിച്ച സീൻ. ഈ ചിത്രം ഹിറ്റായപ്പോൾ കൂടെ ഈ സീനിലെ പള്ളിയും ഹിറ്റായി. ഇത് ഡ്രാക്കുള പള്ളി…. ഇംഗ്ലീഷുകാരനായ ജെഎം വിൽക്കി പണ്ട് ഇടുക്കിയിൽ ഈ പള്ളി നിർമിക്കുമ്പോള്‍ സിഎസ്‌ഐ, മാർത്തോമ, ഓർത്തഡോക്‌സ്, യാക്കോബായ എന്നിങ്ങനെ എല്ലാ സഭകളുടെയും വിശ്വാസികളുടെ സംയുക്ത ആരാധനാലയമായിരുന്നു.പക്ഷെ പിന്നീട് എല്ലാ സഭകള്‍ക്കും വിവിധ പള്ളികളായതോടെ വിശ്വാസികള്‍ ഈ പള്ളിയെ കൈയ്യൊഴിഞ്ഞു. കാടുകേറി നിറഞ്ഞപ്പോള്‍ ഇവിടം ഡ്രാക്കുള പള്ളിയായി അറിയപ്പെട്ടു. വർഷങ്ങള്‍ക്കിപ്പുറം ആരും തിരിഞ്ഞ് നോക്കാനോ ആരാധന നടത്താനോ ഇല്ലാതെ കുറേയധികം ശവക്കല്ലറകള്‍ക്കൊപ്പം ഈ പള്ളിയും അനാഥമായി. എന്നാൽ ഇപ്പോൾ ലൂസിഫറിലൂടെ സഞ്ചാരികളുടെ പ്രയി ഇടമായിരിക്കുകയാണ് ഇത്.
സ്‌റ്റീഫൻ നെടുമ്പള്ളിക്കൊപ്പം മലയാളികള്‍ ശ്രദ്ധിച്ചത് ഈ പള്ളിയെയുമാണ്. ഇടുഞ്ഞു വീഴാറായ ഒരു പള്ളിയും ഇലകൊഴിഞ്ഞ ഒരു മരവും ചുറ്റും കുറേ ശവക്കല്ലറകളും. മനോഹരമായ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിൽ ഏകാന്തമായി നിലകൊള്ളുന്ന ഉപ്പുതറ പഞ്ചായത്തിലെ ലോണ്ട്രീ ഡിവിഷൻ 2-ൽ സ്ഥിതി ചെയ്യുന്ന സെയിൻ്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളി. ഇന്നിവിടം സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്.
ലൂസിഫർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി, അശിർവാദ് സിനിമാസ് പള്ളിയുടെ ചില ഭാഗങ്ങൾ തകർത്തിരുന്നു. അതിനെ കൂടുതൽ പഴയതായി കാണിക്കുന്നതിനായാണ്. ചിത്രീകരണത്തിന് ശേഷം അശിർവാദ് സിനിമാസ് തന്നെ പള്ളിയെ പുനരുദ്ധരിക്കാൻ എട്ട് ലക്ഷം രൂപയും ചെലവഴിച്ചു. പള്ളി ഇപ്പോൾ ആധുനിക രൂപത്തിൽ നിലകൊള്ളുന്നു.
ഇപ്പോൾ, പള്ളിയിൽ മാസത്തിൽ മൂന്ന് ആരാധനകൾ നടത്തപ്പെടുന്നു. കൂടാതെ നിരവധി സന്ദർശകർ പള്ളിയുടെ ചരിത്രവും സിനിമാ പശ്ചാത്തലവും അനുഭവിക്കാൻ ഇവിടേക്ക് എത്തുന്നുണ്ട്.