Entertainment

തലയും പിള്ളേരും വീണ്ടും വരുന്നു; ഛോട്ടാ മുംബൈ റീറിലീസ് മെയ് 21 ന്

കുതിപ്പ് നടന്നുകൊണ്ടിരിക്കുന്ന ‘തുടരും’ സിനിമയുടെ ആവേശം കെട്ടടങ്ങും മുമ്പേ തലയും പിള്ളേരും തിയറ്ററിലേക്ക്. മോഹൻലാൽ അന്‍വര്‍ റഷീദ് കൂട്ടുകെട്ടിൽ പിറന്ന ‘ചോട്ടാ മുംബൈ’ എന്ന ചിത്രം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ മെയ് 21 നു വീണ്ടും റീറിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ‘വാസ്കോഡ ഗാമ’ അഥവാ ‘തല’ ആയി ലാലേട്ടൻ തകർത്തപ്പോൾ മുള്ളൻ ചന്ദ്രപ്പനായി സിദ്ദിക്കും സുശീലനായി ബിജുക്കുട്ടനും പടക്കം ബഷീറായി ജഗതിയും രസിപ്പിക്കുകയായിരുന്നു. കൊച്ചി പശ്ചാത്തലമാക്കിയെടുത്ത ഈ ചിത്രം, ഇന്നും ലാലേട്ടന്റെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

2007ലാണ് ആദ്യം റിലീസ് ചെയ്യുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ നിർമിച്ച ചിത്രമാണ് റീറിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ മോഹൻലാലും, സംവിധായകരായ സിബി മലയിൽ, തരുൺ മൂർത്തി എന്നിവരും ചേർന്ന് റിലീസ് ചെയ്തു.

4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാവും തിയെറ്ററുകളിലേക്ക് ഛോട്ടാ മുംബൈ തിരിച്ചുവരുന്നത്. ദേവദൂതനു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.

തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഭാവന മോഹൻലാലിന്‍റെ ജോഡിയായും കലാഭവന്‍ മണി വില്ലനായും കട്ടയ്ക്കു നിന്ന സിനിമ. ഏറെക്കാലത്തിനു ശേഷം സിദ്ദിഖിനെ മുഴുനീള കോമഡി വേഷത്തിൽ കണ്ട ചിത്രം കൂടിയായിരുന്നു ഇത്.

മണിയൻ പിള്ള രാജു, രാജൻ പി ദേവ്, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സായ്കുമാര്‍, മല്ലിക സുകുമാരൻ, സനുഷ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ചിത്രത്തിന്‍റെ താരനിര. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.