india

ഇറക്കുമതി നിരോധനം മുതൽ കുടിവെള്ളം മുട്ടിക്കൽ വരെ: ഇന്ത്യ പാക്കിസ്ഥാന് കൊടുത്ത പണികൾ ഇങ്ങനെ.

പഹൽ​ഗാം ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഒന്നിനു പുറകെ മറ്റൊന്നായി പാകിസ്ഥാന് മേൽ നയതന്ത്രാടിസ്ഥാനത്തിൽ സർജിക്കൽ സ്ട്രൈക്കുകൾ നടത്തുകയാണ് ഇന്ത്യ.
1. പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധനം
പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2022-23 വർഷത്തിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 158 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3.56 കോടി രൂപയായി കുറഞ്ഞു. 2023-24ൽ ഇന്ത്യ 9,863 കോടി രൂപയുടെ കയറ്റുമതി പാകിസ്ഥാനിലേക്ക് നടത്തിയിട്ടുമുണ്ട്.

2. പാകിസ്ഥാൻ കപ്പലുകൾക്ക് വിലക്ക്
പാകിസ്ഥാൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കപ്പലുകൾ പാകിസ്ഥാൻ തുറമുഖങ്ങളിലേക്ക് പോകരുതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉത്തരവിട്ടു.

 

3. തപാൽ സർവീസുകൾക്ക് വിലക്ക്
പാകിസ്ഥാനുമായുള്ള മെയിൽ & പാഴ്സൽ സർവീസുകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വ്യോമ-കര മാർഗങ്ങളിലൂടെയുള്ള സർവീസുകൾ നിരോധിച്ചു

4. യൂട്യൂബ് ചാനലുകൾ, സെലിബ്രിറ്റി അക്കൗണ്ടുകൾ
പാകിസ്ഥാനിലെ മുൻനിര പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ, സെലിബ്രിറ്റി അക്കൗണ്ടുകൾ
എന്നിവയ്ക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. പ്രകോപനപരമായ, ഇന്ത്യക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വർഗീയമായ ഉള്ളടക്കമുള്ള ചാനലുകളെയാണ് നിരോധിച്ചത്.

5. സിന്ധു നദീജല കരാർ റദ്ദാക്കൽ
പതിറ്റാണ്ടുകളായി തുടർന്നു പോന്നിരുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കി. ഇതിനെ യുദ്ധ സമാന നീക്കമെന്നാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചത്. പാകിസ്ഥാനിലെ ജല ലഭ്യത കുറയാനും, കാർഷിക മേഖലയെ അടക്കം ബാധിക്കാനും പോന്ന തീരുമാനമാണിത്. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെയും തിരിച്ചടി നൽകാൻ പോന്ന നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

6. പഞ്ചാബ് അതിർത്തി അടയ്ക്കൽ
മെയ് 1 മുതൽ പഞ്ചാബിലെ അട്ടാരി അതിർത്തി ഇന്ത്യ അടച്ചിരിക്കുകയാണ്. ഹ്രസ്വകാല വിസയിൽ എത്തിയ എല്ലാ പാക് പൗരൻമാരോടും ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്തു

7. സാർക്ക് വിസ റദ്ദാക്കൽ
സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് കമ്മിറ്റി യോഗം പഹൽഗാം ആക്രമണത്തിന്റെ തൊട്ടു പിറ്റേന്നാണ് ചേർന്നത്. തുടർന്ന് SAARC Visa Exemption Scheme (SVES) പ്രകാരം പാകിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യ സന്ദർശിക്കാനുള്ള അവസരം റദ്ദാക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്തി എത്തിയ പാക് പൗരൻമാർ അടുത്ത 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്നും അറിയിച്ചു.

9. പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ തിരിച്ചയയ്ക്കൽ
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലുള്ള ഡിഫൻസ്, നേവൽ, എയർ അഡ്വൈസർമാരെ ഇന്ത്യ തിരിച്ചയച്ചു. ഇവർക്ക് രാജ്യം വിടാൻ ഒരാഴ്ച്ച സമയം അനുവദിച്ചു. പാകിസ്ഥാനിലെ ഇന്ത്യയുടെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കുകയും ചെയ്തു.

9. നയതന്ത്ര പ്രതിനിധികളുടെ എണ്ണം
പാകിസ്ഥാനിലെ ഹൈക്കമ്മീഷനിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം 55ൽ നിന്ന് 30 ആയി കുറയ്ക്കാനും ഇന്ത്യ തീരുമാനാനിച്ചു. ഇത് മെയ് 1 മുതൽ നിലവിൽ വന്നു.

10. പാക് ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകൾ തകർത്തു
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ 9 വീടുകൾ ഇന്ത്യ തകർത്തു. പുൽവാമ, ബന്ദിപൂര, കുപ്വാര എന്നിവിടങ്ങളിലെ വീടുകളാണ് സ്ഫോടനങ്ങളിലൂടെ തകർത്തത്.

Latest News