റിലയൻസിന്റെ ജിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ടെലികോം ഭീമനായ സാംസങ്. തങ്ങൾക്ക് ഇന്ത്യൻ ഗവൺമെന്റ് ചുമത്തിയ 520 മില്യൺ ഡോളർ അഥവാ 4,400 കോടി രൂപയുടെ നികുതിക്ക് കാരണം ജിയോ ആണെന്നാണ് സാംസങ്ങിന്റെ വാദം. ഇത് കാണിച്ച് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കമ്പനി. റിലയൻസ് ജിയോയ്ക്ക് വേണ്ടി സാംസങ് നെറ്റ് വർക്കിങ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അതോറിറ്റികളിൽ നിന്ന് ലഭിച്ച നികുതി ബാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ ജിയോ തങ്ങളെ അറിയിച്ചില്ലെന്നാണ് സാംസങ്ങിന്റെ വാദം. ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാവാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ.
ഇറക്കുമതി നടത്തിയ നെറ്റ് വർക്കിങ് ഉപകരണങ്ങളുടെ തരം തിരിവിൽ, നികുതി നൽകുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സാംസങ് തിരിമറി നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്നാണ് 520 മില്യൺ ഡോളറിന്റെ നികുതിയും, 81 മില്യൺ ഡോളറിന്റെ പിഴയും കമ്പനിക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ ആകെ 601 മില്യൺ ഡോളറിന്റെ ഭീമമായ നികുതി ബാധ്യതയാണ് സാംസങ്ങിനുള്ളത്.
സാംസങ് ഇന്ത്യയുടെ നെറ്റ് വർക്ക് ഡിവിഷനാണ് നികുതി ചുമത്തിയത്. കുറഞ്ഞ കസ്റ്റംസ് ഡ്യൂട്ടിയായി 10-20% സ്ലാബിൽ ഉൾപ്പെടുന്നതിന് വേണ്ടി 2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ‘മിസ് ലേബൽ’ ചെയ്തതായിട്ടാണ് കണ്ടെത്തിയത്. എന്നാൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും റിലയൻസ് നേരത്തെ നടത്തിയതിന് സമാനമായ ഇറക്കുമതിയാണ് നടത്തിയിരിക്കുന്നതെന്നും സാംസങ് പറയുന്നു.
ഇതേ ഉപകരണങ്ങൾ കസ്റ്റംസ് ഡ്യൂട്ടി നൽകാതെ റിലയൻസ് ജിയോ 2014-17 കാലഘട്ടത്തിൽ ഇറക്കുമതി ചെയ്തതായും സാംസങ് ചൂണ്ടിക്കാട്ടുന്നു. ആ സമയത്ത് ജിയോയ്ക്ക് മുന്നറിയിപ്പ് ലഭിച്ചെന്നും എന്നാൽ ഇക്കാര്യം ജിയോ തങ്ങളെ അറിയിച്ചില്ലെന്നും സാംസങ് പറയുന്നു. നികുതി ഉദ്യോഗസ്ഥരിൽ നിന്നും എതിർപ്പുണ്ടായില്ല.
നികുതി സംബന്ധമായ അറിയിപ്പുകൾ ജിയോ നൽകാതിരുന്നതാണ് ഇത്രയും നികുതി ബാധ്യത തങ്ങൾക്ക് വരാൻ കാരണമെന്ന് സാംസങ് വാദിക്കുന്നു. ഇത് സംബന്ധിച്ച് കസ്റ്റംസ് & എക്സൈസ് ടാക്സ് അപ്പലൈറ്റ് ട്രൈബ്യൂണലിന്റെ (CESTAT) മുംബൈ ബെഞ്ചിനെ സാംസങ് സമീപിച്ചിരിക്കുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ചെറുതും അതേ സമയം 4G ടവറുകളുടെ നിർണായക ഘടകവുമായ ‘റിമോട്ട് റേഡിയോ ഹെഡ്’ എന്ന ഉപകരണത്തിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് നികുതി. സൗത്ത് കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് സാംസങ് ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തി റിലയൻസിന് വില്പന നടത്തിയ ഉപകരണങ്ങളാണിത്. ലക്ഷ്മി കുമാരൻ & ശ്രീധരൻ എന്ന നിയമ സ്ഥാപനം മുഖേനയാണ് സാംസങ്, ട്രൈബ്യൂണലിന് പരാതി നൽകിയിരിക്കുന്നത്. ഈ കേസ് സംബന്ധിച്ച ഹിയറിങ് തിയ്യതി തീരുമാനിക്കപ്പെട്ടിട്ടില്ല.