ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തയോട്ടം മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ബീറ്റ്‌റൂട്ട്
നൈട്രേറ്റുകളുടെ സമ്പന്ന ഉറവിടമാണ് ബീറ്റ്‌റൂട്ട്. രക്തക്കുഴലുകളെ വിശ്രമിക്കാനും വികസിപ്പിക്കാനും ഇത് സഹായിക്കും. ഇതിലൂടെ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ബീറ്റ്‌റൂട്ട് ഗുണം ചെയ്യും. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി, ഹെസ്പെരിഡിൻ പോലുള്ള ഫ്ലേവനോയ്‌ഡുകൾ സിട്രസ് പഴങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാപ്പിലറി ഭിത്തികളെ ശക്തിപ്പെടുത്തുകയും വാസ്‌കുലർ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ വീക്കം കുറയ്ക്കാൻ ഇത് ഗുണം ചെയ്യുമെന്ന് 2011 ൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീരിച്ച ഒരു പഠനത്തിൽ പറയുന്നു. രക്തക്കുഴലുകളുടെ കാഠിന്യം കുറയ്ക്കാനും ഇത് സഹായിക്കും.
ഡാർക്ക് ചോക്കലേറ്റ്
ഡാർക്ക് ചോക്കലേറ്റിൽ ഫ്ലേവനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡിന്‍റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തയോട്ടം മികച്ചതാക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് ഗുണകരണമാണ്.
മഞ്ഞൾ
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കിമിനിൽ ആന്‍റി-ഇൻഫ്ലമേറ്ററി, വാസോഡിലേറ്റിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. വീക്കം ലഘൂകരിക്കാനും മികച്ച രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും ഡയറ്റിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് ഫലപ്രദമാണ്.
ഇലക്കറികൾ
നൈട്രേറ്റ്, ഇരുമ്പ്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കാനും ഇത് സഹായിക്കും. രക്തയോട്ടം വർധിപ്പിക്കാനും ഇത് ഗുണപ്രദമാണ്.
വെളുത്തുള്ളി
വെളുത്തുള്ളി നൈട്രിക് ഓക്സൈഡ് ഉത്പാദനം വർധിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ദിവസേന വെളുത്തുള്ളി കഴിക്കുന്നത് ധമനികളുടെ വഴക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണെന്ന് 2016 ൽ ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
മാതളനാരങ്ങ
മാതളനാരങ്ങായിലെ പോളിഫെനോൾസ്, നൈട്രേറ്റുകൾ തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ നൈട്രിക് ഓക്സൈഡ് ഉത്പാദനം പ്രോത്സാഹിപ്പിക്കും. പതിവായി മാതളനാരങ്ങ ജ്യൂസ് കുടിയ്ക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും കോശങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്താനും സഹായിക്കും.