Business

ആരാണ് വാറൻ ബഫറ്റിന്റെ പിൻ​ഗാമി ഗ്രേഗ് അബേല്‍??

ആറ് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച നിക്ഷേപകനാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച വാറന്‍ ബഫറ്റ്. 16,820 കോടി ഡോളറിന്റെ ആസ്തിയുള്ള ലോക പ്രശസ്തനായ നിക്ഷേപകന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിലും ചര്‍ച്ചയാകുന്നത് ബഫറ്റിന്റെ തീരുമാനങ്ങളാണ്.ബഫറ്റ് സ്ഥാനം ഒഴിയുന്നതോടെ കമ്പനിയില്‍ പകരക്കാരനായി എത്തുന്നത് കുടുംബാംഗങ്ങളോ ബന്ധുക്കളോ അല്ലെന്നതാണ് ശ്രദ്ധേയം.കമ്പനിയുടെ സിഇഒ സ്ഥാനത്തേക്കെത്തുന്നത് വൈസ് ചെയര്‍മാനായ ഗ്രേഗ് അബേലാണ്. മക്കളായ ഹോവാര്‍ഡ്, പീറ്റര്‍ എന്നിവരെ പിന്തള്ളിയാണ് കുടുംബത്തിന് പുറത്തുനിന്നൊരാളെ ബഫറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 2000ല്‍ ബഫറ്റ് മിഡ് അമേരിക്കന്‍ എനര്‍ജി എന്ന കമ്പനിയെ ഏറ്റെടുക്കുന്നതോടെയാണ് അബേല്‍ ബെര്‍ക്ക്‌ഷെയറിന്റെ ഭാഗമാകുന്നത്.2018 മുതല്‍ ബെര്‍ക്ക്‌ഷെയറിന് കീഴിലുള്ള നോണ്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വൈസ് ചെയര്‍മാനാണ് 62 കാരനായ അബേൽ. അന്ന് തൊട്ട് ബഫറ്റിന്റെ പിന്‍ഗാമിയായി അറിയപ്പെടുന്നു. 2021ല്‍ ഇക്കാര്യം ബഫറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ദീര്‍ഘകാലത്തേക്കുള്ള ഭാവി പരിഗണിച്ചാണ് കുടുംബ ബന്ധങ്ങള്‍ പരിഗണിക്കാതെ അബേലിനെ തിരഞ്ഞെടുത്തതെന്നാണ് ബഫറ്റിന്റെ വാദം. കുടുംബ ബിസിനസ് സ്ഥാപിക്കാനല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും ബഫറ്റ് വ്യക്തമാക്കിയിരുന്നു.കൈവെച്ച മേഖലകളിലെല്ലാം മികച്ച ലാഭമുണ്ടാക്കാനായത് അബേലിന് തുണയായത്. ഇക്കൊല്ലം അവസാനത്തോടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ ബെര്‍ക്ക്‌ഷെയറിലെ തലമുറ മാറ്റത്തിന് ഔദ്യോഗിക അംഗീകമാകും.
അമേരിക്കന്‍ എക്സ്പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, ബിവൈഡി, ആപ്പിള്‍, കൊക്കക്കോള തുടങ്ങിയ വമ്പന്‍ കമ്പനികളിലെ പ്രധാന നിക്ഷേപകരാണ് ബെര്‍ക്ക്‌ഷെയര്‍. 11ാംവയസ്സില്‍ ആദ്യ ഓഹരി വാങ്ങിയാണ് ബഫറ്റ് നിക്ഷേപക ലോകത്ത് ചുവടുവച്ചത്. 16,820 കോടി ഡോളറിന്റെ ആസ്തിയുള്ള ബഫറ്റിന്റെ 99 ശതമാനം സമ്പത്തും ബില്‍ഗേറ്റ്‌സിന്റെ ചാരിറ്റി സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്കൈമാറിക്കൊണ്ടാണ് ബഫറ്റിന്റെ വിരമിക്കൽ.