Health

പോഷക ഗുണങ്ങളാൽ സമ്പന്നം; കൊളസ്ട്രോൾ കുറയ്ക്കാൻ ഇതുമാത്രം മതി…

ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിന് പുറമേ, നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഔഷധസസ്യമാണ് കറിവേപ്പില. ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും ആഹാരത്തിൽ ഉള്ള വിഷാംശങ്ങൾ നീക്കം ചെയ്യാനും കറിവേപ്പില സഹായിക്കുന്നു. രക്തത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

മീന്‍കറിയോ ചിക്കന്‍ കറിയോ തോരനോ എന്തു വേണമെങ്കിലും ആവട്ടെ, കറിവേപ്പിലയില്ലാത്ത ഒരു കറി നമുക്ക് ആലോചിക്കാന്‍ കൂടെ വയ്യ. കറിവേപ്പില ഇടുമ്പോള്‍ തന്നെ ഭക്ഷണത്തിന്‍റെ രുചിയും ഗുണവുമൊക്കെ പെട്ടെന്ന് ഇരട്ടിയാകും. വെറുതെ കറിയില്‍ ഇട്ടു കളയാന്‍ മാത്രമല്ല, കറിവേപ്പില ദിവസവും കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും.

വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, ചർമ്മവും മുടിയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. അതേപോലെ കറിവേപ്പിലയിലെ സ്വാഭാവിക സംയുക്തങ്ങൾക്ക് വീക്കം കുറയ്ക്കാനും ബാക്ടീരിയയെ നശിപ്പിക്കാനും കഴിവുണ്ട്.

വെറുംവയറ്റില്‍ കറിവേപ്പില ചവയ്ക്കുന്നത്, വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും, ദഹനം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. ഇതിലുള്ള നാരുകളും ആൽക്കലോയിഡുകളും ശരീരത്തെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. അവ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കാലക്രമേണ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

അതേപോലെ, പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവർക്ക്, കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനും കഴിയുന്ന സംയുക്തങ്ങൾ ഈ ഇലയില്‍ അടങ്ങിയിരിക്കുന്നു.

ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വാർദ്ധക്യം മന്ദഗതിയിലാക്കാനും സഹായിക്കുന്ന ല്യൂട്ടിൻ, വിറ്റാമിൻ സി, എ, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഈ ഗുണങ്ങള്‍ കിട്ടാന്‍ രാവിലെ തന്നെ കറിവേപ്പില ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം. 7-8 കറിവേപ്പില കഴുകി തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കുക. 15 മിനിട്ടിനു ശേഷം ഈ വെള്ളം കുടിക്കാം.

കറിവേപ്പില കൊണ്ട് അടിപൊളി അച്ചാര്‍ ഉണ്ടാക്കിയാലോ?

അസാധ്യ രുചിയില്‍ ഒരു കറിവേപ്പില അച്ചാര്‍ ഉണ്ടാക്കിയാലോ?

ചേരുവകൾ

ഫ്രഷ്‌ കറിവേപ്പില – 50 ഗ്രാം

വാളൻ പുളി കുരു കളഞ്ഞത് – 30 ഗ്രാം

എള്ളെണ്ണ – 1/4 കപ്പ് + 3 ടേബിൾ സ്‌പൂൺ

ഉലുവ – 1 ടേബിൾ സ്‌പൂൺ

ചെറിയ ജീരകം – 1/2 ടീസ്‌പൂൺ

കടലപരിപ്പ് – 2 ടേബിൾ സ്‌പൂൺ

വെളുത്തുള്ളി – 15 എണ്ണം

മുളകുപൊടി – 4 ടേബിൾ സ്‌പൂൺ

മഞ്ഞൾപ്പൊടി – 1 ടീസ്‌പൂൺ

കടുക് – 1 ടേബിൾ സ്‌പൂൺ

ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്‌പൂൺ

വെളുത്തുള്ളി – 20 അല്ലി തൊലി കളഞ്ഞത്

കാന്താരി മുളക് – 15 ഗ്രാം

കായപ്പൊടി – 1/2 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

ശർക്കര പൊടിച്ചത് – 2 ടേബിൾ സ്‌പൂൺ

വിനാഗിരി – 3 ടേബിൾ സ്‌പൂൺ

ഉണ്ടാക്കുന്ന വിധം

– കറിവേപ്പില കഴുകി വൃത്തിയാക്കി ഉണക്കി മാറ്റിവയ്ക്കുക

– ഒരു കപ്പ് തിളച്ച വെള്ളത്തിലേക്ക് വാളൻ പുളിയിട്ട് കുതിര്‍ത്തി വയ്ക്കുക.

– അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി 3 ടേബിൾ സ്‌പൂൺ എണ്ണ ഒഴിക്കാം. ഇത് ചൂടായി വരുമ്പോൾ ഉലുവ, ജീരകം, കടലപ്പരിപ്പ് എന്നിവ ചേർക്കാം. ഇവ മൂത്തു വരുമ്പോൾ തൊലി കളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റാം. ഇതിലേക്ക് കറിവേപ്പില ചേർത്ത് നന്നായി യോജിപ്പിക്കുക.

– കറിവേപ്പില നന്നായി മൊരിഞ്ഞ് വരുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റിയെടുക്കാം.

– ഇത് അടുപ്പില്‍ നിന്നും മാറ്റി, തണുത്തതിന് ശേഷം ഒരു മിക്‌സി ജാറിലേക്ക് ആക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ചേർത്ത് അരച്ചെടുക്കുക.

– ഇനി ഒരു ചീനച്ചട്ടിയില്‍ കാൽ കപ്പ് എണ്ണ ഒഴിച്ച്, ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചിയും തൊലി കളഞ്ഞ വെളുത്തുള്ളിയും ചേർത്ത് വഴറ്റിയെടുക്കാം. കാന്താരി മുളകും അൽപം കറിവേപ്പിലയും ചേർത്ത് വീണ്ടും വഴറ്റുക.

– ഇതില്‍ കായപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം നേരത്തെ അരച്ചെടുത്ത കറിവേപ്പില മിശ്രിതം കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.

– ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്‌പൂൺ ശർക്കര, വിനാഗിരി എന്നിവ കൂടി ചേർത്ത് യോജിപ്പിച്ച് അടുപ്പില്‍ നിന്നും ഇറക്കിവയ്ക്കാം. സ്വാദിഷ്‌ടമായ കറിവേപ്പില അച്ചാർ തയ്യാർ.

Tags: HEALTHfood