രാജ്യതാല്‍പര്യത്തിനെതിരായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനുമെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങൾ ഈ മാസം 8 നകം കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്.
നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ഇറക്കി. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.അതേ സമയം, പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. ഇതിൻ്റെ ഭാഗമായി മെയ് ഏഴാം തീയതി വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തും.വ്യോമാക്രമണ മുന്നറിയിപ്പിനായി സൈറണുകൾ സ്ഥാപിക്കാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിലെ പ്രധാന കെട്ടിടങ്ങളും പ്ലാൻ്റുകളും സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളെടുക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
STORY HIGHLIGHTS : center-seeks-accounts-spreading-anti-national-content