Kerala

നന്തൻകോട് കൂട്ടക്കൊല: കോടതി വിധി ഇന്ന്

നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി ഇന്ന് വിധി പറയും. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ ജിൻസൻ രാജ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്.

പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തിൽ വിധി വരുന്നത്. ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2017 ഏപ്രിലിലാണു കേസിനാസ്പദമായ സംഭവം. നന്തൻകോട് ബെയിൽസ് കോംപൗണ്ട് 117ൽ റിട്ട.പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ രാജയുടെ മകൻ കേഡൽ കൊലപ്പെടുത്തിയെന്നാണു കേസ്.

എം.ബി.ബി.എസ് ബിരുദധാരിയായ കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായാണ് കൃത്യം നടത്തിയത്. വിദേശത്ത് മെഡിസിൻ പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായത്. കൊലയ്‌ക്ക് മുൻപ് പ്രതി മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുവിനും കീടനാശിനി കലർത്തിയ ഭക്ഷണം നൽകിയിരുന്നു. തുടർന്ന് ഛർദ്ദിച്ച് തളർന്ന ഇവരെ വെട്ടിക്കൊന്ന ശേഷം വീട്ടിലിട്ട് കത്തിക്കുകയായിരുന്നു. കൊലയ്‌ക്കുള്ള മഴു ഓൺലൈനായാണ് വാങ്ങിയത്.

സംഭവ ശേഷം ചെന്നൈയിലേക്ക് പോയ കേഡൽ പത്രങ്ങളിൽ തന്റെ ചിത്രം വന്നതിനു പിന്നാലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. മനോരോഗിയായ തന്നെ വെറുതേവിടണമെന്ന പ്രതിയുടെ ഹർജി കോടതി തള്ളിയിരുന്നു. പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപ്പെടുത്തലിനെ തുടർന്നാണ് കേസ് വിചാരണയ്ക്കെടുത്തത്.

 

Latest News