Kerala

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കാട്ടാക്കട സ്വദേശി ആദിശേഖരിനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വിധി പറയുക. പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജനാണ് കേസിലെ പ്രതി.

2023 ഓഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം ചുമത്തിയത്.

എന്നാൽ, സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി. പ്രിയരഞ്ജൻ കാറിലിരിക്കുന്നതും ആദിശേഖർ സൈക്കിളിൽ കയറിയ ഉടൻ കാറോടിച്ചുകയറ്റി കൊലപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ആദിശേഖറിനോടുണ്ടായിരുന്ന മുൻവൈരാഗ്യം തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി. സംഭവശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിൽ നിന്നാണു പൊലീസ് പിടികൂടിയത്. 30 സാക്ഷികളെ വിസ്തരിച്ചു.