ഇടുക്കി: ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ എംഎൽഎ എ രാജയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുള്ള, പികെ മിശ്ര എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. പട്ടികജാതി സംവരണത്തിന് രാജയ്ക്ക് എല്ലാ അർഹതയും ഉണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി.
കുടിയേറുന്ന കാലത്തുതന്നെ വസ്തുവകകൾ ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കിൽ പട്ടികജാതി വിഭാഗാംഗമായി പരിഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. പൂർവ്വികർ തിരുനെൽവേലിയിൽ നിന്ന് 1950 ഓഗസ്റ്റ് 10ന് മുൻപ് കുടിയേറിയവരാണെന്നും ഇതിന് രേഖകളുണ്ടെന്നുമാണ് എ രാജയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഉയർത്തിയ വാദം. ഇത് സുപ്രീംകോടതി ശരിവെച്ചു.